ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച് ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ‘മാര്‍ക്കോ’യുടെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കേ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. കാഴ്ചയ്ക്കും കേള്‍വിക്കും പരിമിതി ഉള്ളവര്‍ക്കും ‘മാര്‍ക്കോ’ ആസ്വദിക്കാനാവുന്ന എഡി, സിസി സംവിധാനങ്ങളോടെയായിരിക്കും ചിത്രം പുറത്തിറക്കുന്നതെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറയുന്നു. ഓഡിയോ ഡിസ്ക്രിപ്ഷന്‍, ക്ലോസ്ഡ് ക്യാപ്ഷന്‍ സംവിധാനങ്ങള്‍ എന്നിവ സിനിമയില്‍ നിയമപ്രകാരം ഉള്‍പ്പെടുത്തുകയാണ്. ഇതു വഴി കാഴ്ച ശക്തിക്കും കേള്‍വി ശക്തിക്കും പരിമിതി ഉള്ളവര്‍ക്കും ചിത്രം ആസ്വദിക്കാന്‍ കഴിയും. ഈ സംവിധാനങ്ങള്‍ മൂവി ബഫ് ആക്സസ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നതാണെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു. ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ 5 ഭാഷകളിലായി ചിത്രമെത്തും. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.