ഭൂതകാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു ബെഞ്ച്മാര്‍ക്ക് തന്നെ സൃഷ്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മലയാളികള്‍ക്ക് ഹൊറര്‍ ഴോണറില്‍ ഒരു പുത്തന്‍ കാഴ്ചാനുഭവം തന്നെയാണ് രാഹുല്‍ സമ്മാനിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഡീയസ് ഈറെ ആണ് രാഹുലിന്റേതായി നിലവില്‍ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഇപ്പോഴിതാ സംവിധായകന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. മഞ്ജു വാര്യര്‍ ആയിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക എന്നാണ് വിവരം. ഡീയസ് ഈറെയുടെ പ്രീമിയര്‍ ഷോയ്ക്ക് മഞ്ജുവും എത്തിയിരുന്നു. മഞ്ജുവിനെ രാഹുല്‍ ഏത് തരം കഥാപാത്രം ആയിരിക്കും ചെയ്യിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോള്‍ സിനിമാ പ്രേക്ഷകര്‍. മഞ്ജു വാര്യരുടെ കഥാപാത്രത്തെക്കുറിച്ചോ സിനിമയുടെ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ഒക്ടോബര്‍ 31 ന് റിലീസിനെത്തിയ ഡീയസ് ഈറെയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രണവിന്റെ അഭിനയത്തിനും വാനോളം പ്രശംസയാണ് ലഭിക്കുന്നത്.
