അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിലെ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടി. ഹൈദരാബാദ് സ്വദേശിയായ പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. നിലവില്‍ ആലുവ പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ നിന്ന് ഒരാളും ബാക്കിയുള്ളവർ ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളുമാണ് ഇരയായവരെന്നാണ് വിവരം.
അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി
