ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി മഹീന്ദ്ര & മഹീന്ദ്ര. ഫെബ്രുവരിയിലെ വാഹന വില്‍പ്പനയിലാണ് മഹീന്ദ്ര വലിയ മുന്നേറ്റം കാഴ്ചവെച്ചത്. 83,702 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന. 15 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. എസ്യുവി വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം വര്‍ധന. മഹീന്ദ്രയുടെ എസ്യുവി വില്‍പ്പന ആറ് മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് 50,000 യൂണിറ്റ് മറികടക്കുന്നത്. അതേസമയം ഹ്യുണ്ടായിയുടെ ഫെബ്രുവരിയിലെ ആഭ്യന്തര വില്‍പ്പന 47,727 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 50,201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ നേരിയ വര്‍ധനവോടെ മാരുതി സുസുക്കി ആധിപത്യം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 1,97,471 യൂണിറ്റുകളില്‍ നിന്ന് നേരിയ വര്‍ധനവോടെ 1,99,400 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ഇലക്ട്രിക് മോഡലുകള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 51,321 യൂണിറ്റുകളില്‍ നിന്ന് 9 ശതമാനം കുറഞ്ഞ് 46,811 യൂണിറ്റുകളായി.
വില്പനയില് ഹ്യുണ്ടായിയെ മറികടന്ന് മഹീന്ദ്ര
