മനുഷ്യശരീരത്തിലെ 300-ലധികം ബയോക്കെമിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന അവശ്യധാതുവാണ് മഗ്‌നീഷ്യം. പേശികളുടെ പ്രവര്‍ത്തനം മുതല്‍ ഊര്‍ജ ഉത്പാദനം വരെയുള്ള കാര്യങ്ങളില്‍ ഈ പോഷകം ശരീരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴാണ് ഹൈപ്പോമാഗ്‌നെസീമിയ ഉണ്ടാകുന്നത്. ഇതോടെ, ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. അതിനാല്‍, ഹൈപ്പോമാഗ്‌നെസീമിയ വഷളാകുന്നത് തടയാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനിയന്ത്രിതമായ പേശിവലിവും കോച്ചിപ്പിടുത്തവും അപായ സൂചനയാണ്. രാത്രികാലങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിക്കടിയുള്ള പേശിവലിവ്, വിറയല്‍, അല്ലെങ്കില്‍ കോച്ചിപ്പിടുത്തം എന്നിവ മഗ്‌നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാന്‍ സാധ്യതയുണ്ട്. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പോ ഹൃദയം വേഗത്തില്‍ ഇടിക്കുന്നതായുള്ള തോന്നലോ മഗ്‌നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം. മഗ്‌നീഷ്യത്തിന്റെ കഠിനമായ കുറവ് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കും. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് വിശദീകരിക്കാനാകാത്ത ദേഷ്യം, ഉത്കണ്ഠ, അല്ലെങ്കില്‍ നേരിയ വിഷാദം എന്നിവയ്ക്ക് കാരണമായേക്കാം. ഉറങ്ങാനോ ഉറക്കം നിലനിര്‍ത്താനോ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിന് കാരണം മഗ്‌നീഷ്യത്തിന്റെ കുറവായിരിക്കാം. ആവര്‍ത്തിച്ചുവരുന്ന തലവേദനയോ മൈഗ്രെയ്‌നോ മഗ്‌നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തിനും നീര്‍ക്കെട്ട് നിയന്ത്രിക്കുന്നതിനും മഗ്‌നീഷ്യം അത്യാവശ്യമാണ്. മത്തങ്ങ വിത്തുകളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയും മഗ്‌നീഷ്യത്തിന്റെ പ്രധാന ഉറവിടമാണ്. വാഴപ്പഴത്തില്‍ നിന്നും 32 മൈക്രോഗാം മഗ്നീഷ്യം ലഭിക്കും. കൂടാതെ ഇവയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.