വിഴിഞ്ഞം സംഘര്‍ഷത്തില്‍ മൂവായിരം പേര്‍ക്കെതിരേ കേസ്. വൈദികര്‍ അടക്കമുള്ളവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു, സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി, കസ്റ്റഡിയിലെടുത്തവരെ വിട്ടില്ലെങ്കില്‍ സ്റ്റേഷനില്‍ പൊലീസിനെ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
വിഴിഞ്ഞം സംഭവത്തില്‍ നടപടി വേണമെന്നു ഹൈക്കോടതി. അയ്യായിരം പോലീസിനെ വിന്യസിപ്പിച്ചെന്നു സര്‍ക്കാര്‍. മൂവായിരം സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ആക്രമണം നടത്തി. ഇതിനെതിരേയും കേസെടത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ക്ക് സ്വന്തം നിയമമാണെന്നും സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് അവര്‍ നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചില്ല. സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അമ്പതോളം പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കമ്മീഷണര്‍ വിശദീകരിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍ , ലിയോണ്‍ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്.
വിഴിഞ്ഞത്തു വന്‍ പോലീസ് സന്നാഹം. ഇതര ജില്ലകളില്‍നിന്ന് അറുന്നൂറു പോലീസുകാരെകൂടി ഇവിടെ എത്തിച്ചു. തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെഎസ്ആര്‍ടിസി പരിസരത്തും വന്‍ പൊലീസ് സന്നാഹമുണ്ട്. സമരക്കാര്‍ പലയിടത്തും വള്ളങ്ങള്‍ നിരത്തി വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല.
വിഴിഞ്ഞത്തെ സമാധാനപരമായ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ആസൂത്രിത ഗൂഡാലോചന നടത്തിയെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘര്‍ഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാരാണ് ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലുള്ളത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് തിരിച്ചുവിളിച്ചു. കേന്ദ്ര അനുമതി ലഭിക്കാത്തതുമൂലവും ജനകീയ പ്രതിഷേധ സമരങ്ങളും മൂലം സാമൂഹികാഘാത പഠനം അടക്കമുള്ള എല്ലാ നടപടികളും മാസങ്ങള്‍ക്കു മുമ്പേ നിര്‍ത്തിവച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചുകൊണ്ട് റവന്യൂ വകുപ്പു സെക്രട്ടറി ഉത്തരവിറക്കി.
സ്വര്‍ണക്കടത്തു കേസ് വിചാരണ കേരളത്തില്‍നിന്നും ബംഗ്ലൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. വിചാരണ കോടതിയിലെ നടപടി പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കും. ഇരു സംസ്ഥാനത്തും രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണമാണ്. കേസില്‍ രാഷ്ട്രീയമായ വിഷയങ്ങള്‍ കൂടിയുള്ളതിനാല്‍ വിശദമായി വാദംകേട്ട ശേഷമേ തീരുമാനമെടുക്കാനാകൂ. കോടതി നിരീക്ഷിച്ചു.
ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണു വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ പൊലീസില്‍ ഹാജരായി. കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
വിഴിഞ്ഞം വിഷയം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് പദ്ധതിക്കെതിരല്ല. തീരവും കിടപ്പാടവും നഷ്ടപ്പെട്ട മല്‍സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്. മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തു കലാപനീക്കമെന്ന് സിപിഎം. സമരക്കാരുടെ ഏഴ് ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും ആറ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിച്ചെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്. മാങ്ങാ വ്യാപാരി കബീര്‍ സ്വര്‍ണനിധി തരാമെന്നു പറഞ്ഞ് 38 ലക്ഷം രൂപ അറസ്റ്റിലായ മധുര സ്വദേശികളില്‍നിന്നു വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. പണം വീണ്ടെടുക്കാനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് മധുര സ്വദേശികളായ പ്രതികള്‍ പോലീസിനോടു പറഞ്ഞത്.
അയ്യപ്പ ഭക്തരുടെ വാഹനത്തിന് വണ്ടിപ്പെരിയാറിനു സമീപം തീപിടിച്ചു. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയില്‍ 58 കാരനായ ചെല്ലപ്പനെ കൊലപ്പെടുത്തിയതിനു ഭാര്യ ലൂര്‍ദ്ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരന്റെ വീട്ടില്‍ എത്തിയ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ചത്. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടു കിണറിലാണു മീരയുടെ മൃതദേഹം കണ്ടത്.
കേടായ ബീഫ് ബിരിയാണി കഴിച്ച് മുപ്പതോളം പേര്‍ക്കു ഛര്‍ദിയും വയറിളക്കവും പിടിപെട്ട സംഭവത്തില്‍ കേറ്ററിങ്ങ് സ്ഥാപനമുടമ മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ വീട്ടിലെ മാമോദീസ ചടങ്ങിനാണ് മോശം ഭക്ഷണം കഴിച്ച് മുപ്പതോളം പേര്‍ക്ക് അസുഖമുണ്ടായത്.
അധ്യാപികയോടു മോശമായി പെരുമാറിയതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മീററ്റിലെ കിത്തോറിലെ ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. അധ്യാപികയോടു കുട്ടികള്‍ ഐ ലവ് യു എന്നു പറയുന്ന വീഡിയോ വിദ്യാര്‍ത്ഥികള്‍തന്നെ പ്രചരിപ്പിച്ചിരുന്നു.
കോവിഡ് നേരിടാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിഷേധിച്ച് ചൈനയില്‍ ജനങ്ങളുടെ പ്രതിഷേധ സമരം. പ്രതിഷേധം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നു. പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനീസ് പോലീസ് രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. അതിനാല്‍ ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.