മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനശ്വര രാജന് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ‘തഗ്സ്’. ദുല്‍ഖര്‍ നായകനായ ‘ഹേയ് സിനാമിക’യ്ക്ക് ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഇതിന്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ‘തഗ്സ്’. ‘തഗ്സി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘എയ് അഴകിയേ’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിവേകിന്റെ വരികളില്‍ സാം എസിന്റെ സംഗീത സംവിധാനത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കബിലന്, ചിന്മയി എന്നിവര്‍ ചേര്‍ന്നാണ്.ഹൃദു ഹറൂറാണ് ചിത്രത്തിലെ നായകന്. ആമസോണില്‍ ഏറെ ഹിറ്റായ ‘ക്രാഷ് കോഴ്സ്’ സീരിസിലെ മുഖ്യ വേഷത്തിലും സന്തോഷ് ശിവന് സംവിധാനം ചെയ്ത ‘മുംബൈക്കര്‍’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയ ഹൃദുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും.