ലോകസമ്പന്നരുടെ ഫോബ്സ് റിയല്‍ടൈം പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ യൂസഫലി. ഫോബ്സിന്റെ കണക്കുപ്രകാരം7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് (ഏകദേശം 58,100 കോടി രൂപ) എം. എ യൂസഫലിക്കുള്ളത്. പട്ടികയില്‍ 547-ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞയാഴ്ച (സെപ്റ്റംബര്‍ 10) യൂസഫലിയെ മറികടന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് മലയാളി സമ്പന്നരില്‍ ഒന്നാമത് എത്തിയിരുന്നു. അന്ന് ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറും എം.എ യൂസഫലിയുടെ ആസ്തി 5.3 ബില്യണ്‍ ഡോളറുമായിരുന്നു. നിലവില്‍ ജോയ് ആലൂക്കാസിന്റെ റിയല്‍ ടൈം ആസ്തി 5.3 ബില്യണ്‍ ഡോളറാണ്. 2024ല്‍ ലിസ്റ്റ് ചെയ്ത ലുലുവിന്റെ റീറ്റെയ്ലിന്റെ വരുമാനങ്ങളും ആസ്തികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഫോബ്സ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ ലുലുവിന്റെ ബാക്കി രാജ്യങ്ങളിലെ ആസ്തിയും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയതോടെയാണ് യൂസഫലിയുടെ ആസ്തി 7 ബില്യണ്‍ ഡോളറിലെത്തിയത്. സമാനമായ അപ്ഡേഷനുകള്‍ പല കമ്പനികളിലും വരുന്നത് ഉടമകളുടെ ആസ്തിയില്‍ പ്രതിഫലിക്കും.
ഫോബ്സ് റിയല്‍ടൈം പട്ടികയില്‍ വീണ്ടും യൂസഫലി
