ആകാശത്തു യാത്രക്കാരുമായി പറക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ആകാശയാത്രാ നൗക. ‘വോളോകോപ്റ്റര്‍’ എന്നാണു പേര്. നിയോം കമ്പനിയും ഗാക എന്ന് അറിയപ്പെടുന്ന ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും അര്‍ബന്‍ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ച് രൂപകല്പന ചെയ്തതാണ് ‘വോളോകോപ്റ്റര്‍’ എയര്‍ ടാക്സി. ഒന്നര വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ പറല് വിജയകരമായി. ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശനൗകക്ക് സൗദി അറേബ്യയില്‍ അംഗീകാരം ലഭിച്ചു. തിരക്കേറിയ നഗര പ്രദേശങ്ങളിലെ അത്യാവശ്യ യാത്രകള്‍ക്ക് ‘വോളോകോപ്റ്റര്‍’ ഉപകരിക്കും. പുനരുപയോഗ ഊര്‍ജത്തിലാണു പ്രവര്‍ത്തനം. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയും പ്രയോജനപ്പെടുത്തുന്നുണ്ട്. വോളോ കോപ്റ്ററുകള്‍ ഹെലികോപ്റ്ററുകളെപ്പോലെ വലിയ ശബ്ദ മലിനീകരണമുണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹൃദവുമാണ്. ജര്‍മനിയിലെ ബ്രൂച്ചലിലുള്ള വോളോസിറ്റി കമ്പനിയാണ് നിയോമിനുവേണ്ടി വോളോകോപ്റ്റര്‍ എയര്‍ ടാക്സികള്‍ നിര്‍മിക്കുക. പ്രതിവര്‍ഷം അമ്പതിലധികം കോപ്റ്ററുകള്‍ നിര്‍മിച്ചുനല്‍കാനാണു പരിപാടി. ഇനി പറക്കാം, വോളോ കോപ്റ്ററില്‍.
പറക്കാം വോളോകോപ്റ്ററില്
