web cover 26

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് സമരക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സമരക്കാര്‍ക്കു നേരത്തെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. പന്തല്‍ പൊളിക്കാതെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാര്‍ കമ്പനിയും അറിയിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

സ്‌കൂളുകളില്‍നിന്ന് യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ യാത്ര പാടില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വിദ്യാഭ്യാസമന്ത്രി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമിത വേഗതയ്ക്ക് 1768 ബസുകളെ മോട്ടോര്‍ വാഹനവകുപ്പ് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി. കരിമ്പട്ടികയിലായാലും സര്‍വീസ് നടത്താമെന്നാണു ചട്ടം. അമിത വേഗത്തിനുള്ള പിഴയായ 1500 രൂപ അടക്കാതെയാണ് ബസുകള്‍ ഓടുന്നത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റു ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 368 എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഓരോ വാഹനത്തിന്റേയും പിന്നാലെ പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. പടിപടിയായി പരിശോധന വ്യാപകമാക്കുമെന്നു മന്ത്രി പറഞ്ഞു.

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നില്ലെന്ന് ഒരു വിഭാഗം ടൂറിസ്റ്റ് ബസുടമകള്‍. കളര്‍ കോഡ് പാലിക്കാതെയും നിരോധിത ലൈറ്റുകള്‍ ഫിറ്റ് ചെയ്തും ടൂറിസ്റ്റ് ബസുകള്‍ ഓടുമ്പോള്‍ നിയമം പാലിച്ച് സര്‍വീസ് നടത്തുന്ന ബസുകളെ ആര്‍ക്കും വേണ്ട. നവമാധ്യമങ്ങളില്‍ വന്‍ ആരാധക പിന്തുണയുള്ള ടൂറിസ്റ്റ് ബസുകളെ തേടിയാണ് മറ്റു ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നതെന്ന് ബസുടമകള്‍ പറയുന്നു.

അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേനയില്‍ ജോലിക്ക് അയോഗ്യതയെന്നു കരസേന. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്റ് റാലിയില്‍ 23,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. 13,100 പേര്‍ റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി വളപ്പില്‍ ക്ഷേത്രം എന്തിനെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ക്ഷേത്ര നടത്തിപ്പു ചുമതല ആര്‍ക്കാണ്, കാണിക്കയായി ലഭിച്ച പണവും മറ്റും എന്തു ചെയ്യുന്നുവന്ന് ചോദിച്ചിരിക്കുന്നത് ആരോഗ്യവകുപ്പിന്റെതന്നെ ഓഡിറ്റിലാണ്.

സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സിപിഎം നേതാവിനു സസ്പെന്‍ഷന്‍. പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.

ചടയമംഗലത്ത് സ്വന്തം വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താവും മകനും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നാണ് വിവരം. ശാലിനിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ചികില്‍സാ സൗകര്യം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമാണ്. സതീശന്‍ പറഞ്ഞു.

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. കുടിവെള്ളം മുട്ടിയെന്ന് ജോസ്.

മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു. ജനവാസ കേന്ദ്രങ്ങളിലേക്കു വരുന്നുണ്ടോയെന്ന് മനസിലാക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റല്‍ പൊലീസ്. കൊച്ചിയിലെ പുറംകടലില്‍ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എന്‍സിബി കോസ്റ്റല്‍ പൊലീസിന് കൈമാറി. ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ ആറ് പേരെയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൈമാറിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഗുജറാത്തില്‍ പ്രചാരണത്തിനിറങ്ങി. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. രമേശ് ചെന്നിത്തല ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലും ഖാര്‍ഗെയ്ക്കൊപ്പം പ്രചാരണത്തിനുണ്ട്. ഖാര്‍ഗെയ്ക്കോപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നിത്തലയുടെ പോസ്റ്റിനെതിരേ ശശി തരൂരിനെ പിന്തുണയ്ക്കുന്നവരുടെ പൊങ്കാല.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരേ ശശി തരൂരിനെ പിന്തുണക്കുന്നവര്‍ പരാതി നല്‍കി. മാര്‍ഗനിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍മാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 14 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. തെരച്ചിലിന് 30 സംഘങ്ങള്‍ ഇറങ്ങിയെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു

ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി 11 ന് റാലി നടത്തും. തെരഞ്ഞെടുപ്പു നടക്കുന്ന ഇതര തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും റാലി നടത്തും. ഡിസംബര്‍ വരെ റാലികള്‍ നീണ്ടു നില്‍ക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കള്‍ റാലിയില്‍ പങ്കെടുക്കും

തമിഴ്നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. നൂറ്റമ്പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍മൂലം മദ്യലഹരിക്ക് അടിമയായി ചെന്നൈ ബസ് സ്റ്റാന്‍ഡിനടുത്താണു കിടന്നുറങ്ങിയിരുന്നത്.

ഡല്‍ഹി മദ്യനയകേസില്‍ 35 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സമെന്റിന്റെ റെയിഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശോധന. വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരെ ദുരുപയോഗിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് മാപ്പു നല്‍കി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം പാലിച്ചത്. കഞ്ചാവ് കടത്ത്, വില്‍പന, പ്രായപൂര്‍ത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയവ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടു തള്ളി. ഇന്ത്യ ഉള്‍പെടെ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുവെന്നായിരുന്നു പ്രമേയത്തിലെ ആരോപണം. 19 രാജ്യങ്ങള്‍ എതിര്‍ത്തും 17 രാജ്യങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തതോടെ പ്രമേയം തള്ളി.

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്. എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ സൂചിക കുതിച്ചതും രൂപയെ തളര്‍ത്തി. എണ്ണവില ഇനിയും ശക്തിപ്രാപിച്ചാല്‍ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴഞ്ഞ മാസം 28 ന് രൂപ 81.93 എന്നതിലേക്ക് എത്തിയിരുന്നു.

രാജ്യത്ത് എട്ടു നഗരങ്ങളില്‍ ഫൈവ് ജി സേവനം മെച്ചപ്പെട്ട നിലയില്‍ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരാണസി എന്നിവിടങ്ങളിലാണ് സര്‍വീസ് തുടങ്ങിയത്. ഫൈവ് ജി സേവനം പ്രയോജനപ്പെടുത്തുന്നവര്‍ ഫോര്‍ ജി പ്ലാനിന് വരുന്ന ചാര്‍ജ് നല്‍കിയാല്‍ മതി. കഴിഞ്ഞ 27 വര്‍ഷമായി ടെലികോം രംഗത്ത് ഉണ്ടായ മാറ്റങ്ങളില്‍ വലിയ സംഭാവനയാണ് കമ്പനി നല്‍കിയത്. ഫൈവ് ജി സിഗ്നല്‍ ലഭിക്കുന്നവര്‍ക്ക് ഫൈവ് ജിയിലേക്ക് മാറാം. എന്നാല്‍ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാല്‍ ഫോര്‍ ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് ഫൈവ് ജി തെരഞ്ഞെടുക്കാം. ആപ്പിള്‍, സാംസങ്, ഷവോമി, ഓപ്പോ, വണ്‍ പ്ലസ് തുടങ്ങിയ മൊബൈല്‍ കമ്പനികളുടെ ഫൈവ് ജി മോഡലുകളില്‍ എയര്‍ടെല്‍ ഫൈവ് ജി സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പി’ന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഫാന്റസി സ്പോര്‍ട്സ് ഡ്രാമയെന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ഐഡി’. നവാഗതനായ അരുണ്‍ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ‘ഐഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ‘ഐഡി’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 15 നാണ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്ക് ഒല എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിനെ പുറത്തിറക്കുന്നത്. കമ്പനിയുടെ മുന്‍നിര എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലകുറഞ്ഞ പതിപ്പായിരുന്നു ഇത്. ഇപ്പോഴിതാ ഉത്സവ ദിനങ്ങളിലെ ഈ മോഡലിന്റെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ദസറയില്‍ ഏകദേശം 10 മടങ്ങ് അധികം വില്‍പ്പനയ്ക്ക് ഒല എസ് 1 സാക്ഷ്യം വഹിച്ചു. നിലവില്‍ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. ഒല ഇലക്ട്രിക്ക് അതിന്റെ ട1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിനാണ് തുറന്നത്. ഡെലിവറി സെപ്റ്റംബര്‍ 7-ന് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടറിന്റെ 70,000 യൂണിറ്റുകള്‍ കമ്പനി ഇതിനകം വിറ്റുകഴിഞ്ഞു.

പാശ്ചാത്യ സാഹിത്യചിന്തകളെ കാലാനുക്രമത്തില്‍ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്രപഠനമാണ് ഈ ഗ്രന്ഥം. വ്യത്യസ്ത സാഹിത്യസൈദ്ധാന്തികരുടെ നിലപാടുകളെ താരതമ്യംചെയ്ത് അവയുടെ താത്ത്വികാടിത്തറ വിശകലനം ചെയ്യുകയും ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളോട് അവയ്ക്കുള്ള ചായ്വുകളും വേറിടലുകളും വിവരിക്കുകയും ചെയ്യുന്ന ഈ പഠനം പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. ‘പാശ്ചാത്യ സാഹിത്യദര്‍ശനം’. എം അച്യുതന്‍. എട്ടാം പതിപ്പ്. ഡിസി ബുക്സ്. വില 664 രൂപ.

പ്രായം കൂടുമ്പോള്‍ നമ്മുടെ പല്ല്, മോണ തുടങ്ങിയവയുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 46 ശതമാനം ആളുകളിലും മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. വായിലുള്ള ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുന്ന അണുബാധയ്ക്ക് വരേ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അടങ്ങിയഭക്ഷണം കഴിവതും ഒഴിവാക്കണം. ധാരാളം അസിഡിറ്റി ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഇനാമലിനെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് ശരീരത്തിന് വിറ്റാമിന്‍ പ്രധാനം ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലിക്കുന്നത് പല്ലിലെ എല്ലുകളെയും മൃദു കോശഘടനകളെയും ബാധിക്കും. അതുകൊണ്ട് പുകവലിക്കുന്നവര്‍ക്ക് പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മോണകളിലെ കോശഘടനകളുടെ സാധാരണ പ്രവര്‍ത്തനത്തെപ്പോലും പുകയില ഉത്പന്നങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ അവ പാടെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദിവസവും രണ്ട് നേരം പല്ല് തേക്കുമെങ്കിലും അത് ഒരു ഡെന്റിസ്റ്റ് പല്ലുകള്‍ വൃത്തിയാക്കുന്നിടത്തോളം പൂര്‍ണ്ണമായി വായിലെ അഴുക്കിനെ നശിപ്പിക്കില്ല. അതുകൊണ്ട് ഇടയ്‌ക്കെങ്കിലും പല്ല് കാണിച്ച് ശരിയായി വൃത്തിയാക്കണം. ടൂത്ത് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിത്ത അഴുക്കുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കാം. ഇതിലുപരി ഇടയ്ക്കിടെ ഡോക്ടറെ കാണുന്നതുവഴി പല്ലുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും സാധിക്കും. പ്രായം കൂടുന്തോറും പല്ലിന്റെ ഇനാമലിന്റെ പുറം പാളിക്ക് തകരാറുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് ഇനാമല്‍ ശക്തിപ്പെടുത്തുകയും നല്ല സംരക്ഷണം നല്‍കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.35, പൗണ്ട് – 92.03, യൂറോ – 80.69, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.81, ബഹറിന്‍ ദിനാര്‍ – 218.18, കുവൈത്ത് ദിനാര്‍ -265.56, ഒമാനി റിയാല്‍ – 213.82, സൗദി റിയാല്‍ – 21.91, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *