yt cover 24

 

മാസപ്പടി കേസ് സിംഗിള്‍ ബെഞ്ച് വിധിയില്‍ അപ്പീല്‍ സാധ്യത പരിമിതമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. മാസപ്പടി കേസിലെ ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നെന്നാണു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തത്. പിണറായിയുടേയും റിയാസിന്റേയും വാദങ്ങളെ പിന്തുണയക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കെ എം ഷാജഹാന്‍ സത്യസന്ധനായ ഹര്‍ജിക്കാരന്‍ അല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹര്‍ജിയെ ഇഡി എതിര്‍ത്തു.

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. സ്റ്റേ അനുവദിച്ചിട്ടില്ല, ഹര്‍ജി പരിഗണനയില്‍ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ പിഎസ് സി കൂടുതല്‍ സമയം ചോദിച്ചു. കേസ് രണ്ടു ദിവസത്തിനുശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിയമസഭയില്‍. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോയെന്നും കെവി സുമേഷ് ചോദ്യം ഉന്നയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാതിരുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകള്‍ കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണ്. ആ വിളക്ക് കെടുത്താതിരുന്നാല്‍ മതി. വേറെ അത്ഭുതവിളക്കൊന്നും തേടിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ഇടത്താവളങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്ഥാടര്‍ക്ക് ലഭിക്കണമെന്നും ദേവസ്വം 25 മുതല്‍ 30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

ഈ മാസം 15 മുതല്‍ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍. ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സുപ്രീം കോടതി ഇടപെട്ടതിനാല്‍ ഈ മാസം 15 മുതല്‍ ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയിരുന്നു.

ജനവാസമേഖലകള്‍ ഒഴിവാക്കി പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രല്‍ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിഞ്ഞ് ഇടുക്കി നിവാസികള്‍. സിഎച്ച്ആര്‍ വില്ലേജുകളില്‍ ചിലത് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകരെ ബാധിക്കില്ല. എന്നാല്‍ ഭൂപടത്തില്‍ വ്യക്തതയില്ലെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് സിപിഎം നിലപാട്.

പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി.

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. ലഹരി വില്‍പന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ, റുബൈദ എന്നിവരില്‍ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മഞ്ചേരി സിജെഎം കോടതി നിര്‍ദ്ദേശം നല്‍കി. അഭിഭാഷക കമ്മിഷണര്‍ കെ.പി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് കോടതി മേലാറ്റൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

ടോള്‍ പിരിവിനെതിരെ നാട്ടിക ടോള്‍ പ്ലാസയില്‍ പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തളളും. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടോള്‍ പിരിവു നിര്‍ത്താന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും പിരിവു തുടരുന്നുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് തുടര്‍ ചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ അറസ്റ്റിലായ സുഹൈലിന്റെ പേര് എഫ്ഐആറില്‍ ഇല്ല. കെ എല്‍ 07 സിആര്‍ 1001 എന്ന കാറിന്റെ ഡ്രൈവര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിലാസവും അണ്‍നോണ്‍ എന്നാണുള്ളത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും എഫ്ഐആറില്‍ പറയുന്നില്ല. ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചട്ടവിരുദ്ധമായി ജോലിക്ക് ഹാജരാകാതിരുന്ന ഡിവൈഎസ്പി പൃഥ്വിരാജിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. അദ്ദേഹത്തെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെട്ട അടൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണെന്നും അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആബിദ് വ്യക്തമാക്കി.

കോക്റോച്ച് ജനതാ പാര്‍ട്ടിക്ക് എതിരെ സരിന്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎമ്മിന് അതൃപ്തി. പിഴവ് പറ്റിയെന്നും, എന്ത് തിരുത്തല്‍ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളോട് സരിന്‍ വിശദമാക്കി. സിജെപി, ആര്‍ എസ് എസ് പദ്ധതിയാണെന്നും, അവര്‍ക്ക് വേണ്ടതു മറ്റു പലതുമാണെന്ന് സംശയമുണ്ടെന്നും സരിന്‍ പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം നല്‍കാതെ കബളിപ്പിച്ചെന്ന കേസില്‍ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് ജാമ്യം. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആന്‍ഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനനാണ് കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ.

ഇടപ്പള്ളി ഗണപതി ക്ഷേത്രത്തില്‍നിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടില്‍ ഉരുളി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കല്‍ വീട്ടില്‍ ആര്‍ മഹാരാജ് (64) ആണ് അറസ്റ്റിലായത് .

കണ്ണൂര്‍ തില്ലങ്കേരിയിലെ 20 വയസുകാരി കീര്‍ത്തന ജീവനൊടുക്കിയ കേസില്‍ അന്വേഷണം ഔദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു.

നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തില്‍ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 55 വര്‍ഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ. ഞീഴൂര്‍ മരങ്ങോലി അഞ്ജലിയില്‍ വി യു അനന്തു(30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ ഡിജിറ്റല്‍ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ‘ബ്ലൂംബര്‍ഗ് ന്യൂ ഇക്കണോമി ഫോറ’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നൂറിലധികം ഭാഷകളുണ്ട്, 80,000-ഓളം രജിസ്ട്രേഡ് ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റലൈറ്റ് ടിവി ചാനലുകളുമുണ്ട്. 5000 ലക്ഷം യൂട്യൂബ് ഉപഭോക്താക്കളും അത്രതന്നെ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുമുണ്ട്. സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി പറഞ്ഞു.

സമര നിരോധിത മേഖലയാക്കി പ്രഖ്യാപിച്ച ജന്തര്‍മന്തറില്‍ മിന്നല്‍ നീക്കവുമായി സിജെപി നേതാക്കള്‍ ചാടിക്കടന്നു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിന്‍ക്യ ഷിന്‍ഡെ എന്നിവരാണ് ജന്തര്‍ മന്തറില്‍ പ്രവേശിച്ചത്. മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായാണ് സിജെപി നേതാക്കള്‍ പ്രവേശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചൗക്കിദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശം നടത്തിയതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ചുമത്തിയ അപകീര്‍ത്തിക്കേസിന്റെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.

ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബാറ്റ്മാന്‍ മാസ്‌ക് ധരിച്ച് പ്രതിഷേധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മന്ത്രിമാരടക്കം 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. എംഎല്‍എമാര്‍ വരുമെങ്കില്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോകൂ എന്നാണു മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരിഹാസം.

പ്രമുഖ വ്യവസായികളായ ടിവിഎസ് കുടുംബത്തില്‍ സ്വത്ത് തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ടിവിഎസ് ചെയര്‍മാന്‍ എമരിറ്റസ് വേണു ശ്രീനിവാസന്‍ അവകാശപ്പെട്ടെങ്കിലും തൊട്ടുപിന്നാലെ വേണു ശ്രീനിവാസനെ തള്ളി അദ്ദേഹത്തിന്റെ ഭാര്യ മല്ലിക ശ്രീനിവാസന്‍ രംഗത്തെത്തി.

പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. കറാച്ചിയിലെ സതേണ്‍ പോര്‍ട്ട് സിറ്റിയില്‍ നിന്ന് പേഷ്വാറിലെ നോര്‍ത്ത് വെസ്റ്റേണ്‍ സിറ്റിയിലേക്ക് പോയ ദി റഹ്‌മാന്‍ ബാബ എക്സ്പ്രസാണ് പാളം തെറ്റിയത്.

സൗദിയും ഹൂതികളും തമ്മിലുള്ള സംഭാഷണം സുഗമമാക്കാന്‍ സഹായിക്കാമെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി നടത്തിയ സംഭാഷണത്തിലാണ് വാഗ്ദാനം.

ഹോളിവുഡ് നടി സെല്‍മ ബ്ലെയര്‍ (54) അറസ്റ്റില്‍. വിമാനജീവനക്കാരെ മര്‍ദിച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്ത നടി, പോലീസുകാരിയെയും നഴ്‌സിനെയും ആക്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ നടി 20,000 ഡോളര്‍ ജാമ്യത്തുക കെട്ടിവച്ച് ജാമ്യത്തിലിറങ്ങി.

കോളേജ് വിദ്യാര്‍ഥിനിയുടെ ബാഗില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുതിര്‍ന്ന പ്രൊഫസര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തി യുഎസ് പോലീസ്. മിനസോട്ടയിലെ സെന്റ് പോളിലുള്ള പ്രശസ്തമായ മെകാലെസ്റ്റര്‍ കോളേജിലെ ബയോളജി പ്രൊഫസര്‍ പോള്‍ ഫിഷറിനെതിരെയണ് ‘ഫസ്റ്റ് ഡിഗ്രി പ്രോപ്പര്‍ട്ടി ഡാമേജ്’ കുറ്റം ചുമത്തി കേസെടുത്തത്. ആഭ്യന്തര അന്വേഷണത്തിനിടെ ഇയാള്‍ ജോലിയില്‍ നിന്ന് രാജിവച്ചിരുന്നു.

19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം. ആന്ധ്രയെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ടൂര്‍ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറില്‍ 174 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍-ബാറ്റസ്മാന്‍ റിഷഭ് പന്തിനെ ഒഴിവാക്കി. ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചുതര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഐ.എം.എഫ്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും സേവനമേഖലയിലെ മുന്നേറ്റവും ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പുവര്‍ഷവും അടുത്തവര്‍ഷവും ഇതേ വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. യു.എസ്.-ഇറാന്‍ യുദ്ധം, റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ന്ന എണ്ണവില തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രമുഖ സമ്പദ്വ്യവസ്ഥയായി തുടരും. രാജ്യത്തെ അനുകൂലമായ ജനസംഖ്യാഘടന, വികസിക്കുന്ന ആഭ്യന്തരവിപണി, തുടര്‍ച്ചയായ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തികപുരോഗതിയുടെ പ്രധാന കാരണങ്ങള്‍. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, എസ്. ആന്‍ഡ് പി., ഫിച്ച് എന്നിവയും ഇന്ത്യയുടെ ജി.ഡി.പി. അനുമാനം ഏഴു ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

അത്യാധുനിക എഐ സ്മാര്‍ട്ട് വെയറബിള്‍ ആയ ‘ജിയോ ഗ്ലാസസ്’ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഫോണ്‍ എടുക്കാതെയും ആപ്പുകള്‍ തുറക്കാതെയും ക്യുആര്‍ കോഡിലേക്ക് നോക്കി മാത്രം യുപിഐ പണമിടപാടുകള്‍ നടത്താന്‍ ഈ എഐ ഗ്ലാസ് ഉപയോഗിച്ച് സാധിക്കും. ജിയോ ഗ്ലാസസിലെ കാമറ യുപിഐ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയും, അതേസമയം ഉപയോക്താവ് പേയ്മെന്റ് ആരംഭിക്കുന്നതിനായി വോയ്സ് കമാന്‍ഡ് നല്‍കുകയും ചെയ്യുന്നു. സ്ഥിരീകരണം ലഭിച്ചാലുടന്‍ പേയ്മെന്റ് പൂര്‍ത്തിയാകുന്നു. ‘യുപിഐ സര്‍ക്കിള്‍’ വഴി ഉപയോക്താക്കള്‍ക്ക് ഓരോ ഇടപാടിലും 5,000 രൂപ വരെ പണമടയ്ക്കാന്‍ സാധിക്കും. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന തത്സമയ വിവര്‍ത്തന സംവിധാനവും എഐ ഗ്ലാസുകളിലുണ്ട്. മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും പ്രധാനപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന എഐ നോട്ട്-ടേക്കിങ് സംവിധാനവും പുതിയ ഡിവൈസിലുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ കമന്ററി അറിയാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്.

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ലെ പുതിയ ഗാനമെത്തി. വെല്‍കം ടു പാരഡൈസ് എന്ന ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. 198 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസില്‍ നേടിയത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ഒരു അമ്മ – മകന്‍ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ചിത്രത്തില്‍, നാനി അവതരിപ്പിക്കുന്ന ജദാല്‍ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് വിക്രം മാലിക് എന്ന വില്ലന്‍ വേഷത്തിലെത്തുന്നത്. കായദു ലോഹര്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ചിത്രം ഇതുവരെ നേടിയത് 489 കോടി രൂപ. കഥയില്‍ വ്യത്യാസത്തോടെയെത്തിയ ‘ദൃശ്യം ദി കണ്‍ക്ലൂഷന്‍’ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മലയാളം പതിപ്പിന് നേടാനാവാതെ പോയ ജനപ്രീതിയാണ് അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യം ദി കണ്‍ക്ലൂഷന്‍’ നേടുന്നത്. ചിത്രം കണ്ട മലയാളികളും ഇത് മലയാളം ദൃശ്യം 3 നേക്കാള്‍ മികച്ച അനുഭവമാണ് നല്‍കിയതെന്ന് പറയുന്നു. അഭിഷേക് പടത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സംവിധായകനൊപ്പം ആമില്‍ കീയന്‍ ഖാനും പര്‍വേസ് ഷെയ്ഖും ചേര്‍ന്നാണ്. തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ലാവത്, രജത് കപൂര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ബജറ്റ് ബൈക്ക് പുറത്തിറക്കി. 67,100 രൂപ മുതല്‍ വില ആരംഭിക്കുന്ന ടിവിഎസ് റേഡിയോണ്‍ 2026 പതിപ്പ് ആണ് പുറത്തിറക്കിയത്. ഡിജി ഡ്രം, ഡിജി ഡിസ്‌ക് വേരിയന്റുകള്‍ക്ക് യഥാക്രമം 70,100 രൂപയും 73,100 രൂപയുമാണ് വില. പുതിയ എല്‍ഇഡി ലൈറ്റിങ്, പരിഷ്‌കരിച്ച കളര്‍ ഓപ്ഷനുകള്‍, പുതുക്കിയ ഗ്രാഫിക്‌സുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. എന്നാല്‍ പഴയ മോഡലിന്റെ അതേ എന്‍ജിനും മെക്കാനിക്കല്‍ ഘടകങ്ങളുമാണ് ഇതിലും. ബേസ് വേരിയന്റ് ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ബ്ല്യൂ കളര്‍ സ്‌കീമുകളിലും ഡിജി ഡ്രം വേരിയന്റില്‍ ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനുകളും ലഭ്യമാണ്. ഡിജി ഡിസ്‌ക് വേരിയന്റില്‍ ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനില്‍ ലഭ്യമാണ്. നിലവിലുള്ള റെഡ് ആന്റ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം ഡിജി ഡ്രം, ഡിജി ഡിസ്‌ക് വേരിയന്റുകളില്‍ തുടരുന്നുണ്ട്. മുന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്ക് ഉള്ള ഒരേയൊരു വേരിയന്റ് ഡിജി ഡിസ്‌ക് ആണ്.

മനുഷ്യമനസ്സിന്റെറെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്ന ചില അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി,ചില വിചിത്രമായ രോഗാവസ്ഥളെക്കുറിച്ചും പ്രതിപാദിക്കുന്നു.കുട്ടിക്കാലത്തെ കയ്പ്പേറിയ ആഘാതങ്ങള്‍,വ്യക്തികളുടെ ഭാവിജീവിതത്തെയും ദാമ്പത്യത്തെയും എങ്ങനെ തകര്‍ക്കുന്നു എന്നിവയെ ഈ ഡയറിക്കുറിപ്പിലൂടെ വിവരിക്കുകയാണ്,ലോകത്തിലെതന്നെ ഏക സൈക്കോപാര്‍ക്കിന്റെ സ്രഷ്ടാവായ എല്‍.ആര്‍.മധുജന്‍. കേവലം ജീവിതകഥകള്‍ എന്നതിലുപരി,ഇതില്‍ പറയുന്ന പല രോഗാവസ്ഥകളേയും ചികിത്സിച്ചുമാറ്റാവുന്നതാണ് എന്ന സന്ദേശംകൂടി ഈ പുസ്തകം നല്കുന്നു. മനസ്സിന്റെ നോവുകളെ തിരിച്ചറിയാനും,മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നല്കാനും, ഈ കൃതി ഒരു വഴിവിളക്കാവുന്നു. ‘മനഃശാസ്ത്രജ്ഞന്റെ ഡയറി’. എല്‍.ആര്‍ മധുജന്‍. പരിധി പബ്ളിക്കേഷന്‍സ്. വില 379 രൂപ.

ദിവസവും പാലുല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിക്ഷയരോഗം വരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാല്‍സ്യം ലഭിക്കുന്നുണ്ടെന്നതു കൊണ്ടു മാത്രം എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാനാവില്ല. പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകളുടെ സാന്ദ്രത കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലുകള്‍ക്ക് ആവശ്യമായ ബലം നഷ്ടപ്പെടുകയും ചെറിയ വീഴ്ചകളില്‍പ്പോലും ഒടിവുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് പലപ്പോഴും എല്ലിന് ഒടിവുണ്ടാകുന്നതു വരെ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അതുകൊണ്ട് ഭക്ഷണശീലങ്ങള്‍ക്കൊപ്പം മറ്റ് ആരോഗ്യഘടകങ്ങളും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പാല്‍, തൈര്, ചീസ് എന്നിവയില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലം നിലനിര്‍ത്തുന്നതിനും കാല്‍സ്യം അത്യാവശ്യമാണ്. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരേയൊരു പോഷകഘടകം കാല്‍സ്യം മാത്രമല്ല. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ഭക്ഷണത്തിലൂടെ ആവശ്യത്തിന് കാല്‍സ്യം ലഭിച്ചാലും അതിന്റെ ആഗിരണം കുറയാം. കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, വിറ്റാമിന്‍ ഡി ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ ഇതിന്റെ സ്രോതസ്സുകളാണ്. ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നതും പ്രധാനമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.16, പൗണ്ട് – 125.99, യൂറോ – 106.59, സ്വിസ് ഫ്രാങ്ക് – 114.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.40, ബഹറിന്‍ ദിനാര്‍ – 251.92, കുവൈത്ത് ദിനാര്‍ -305.51, ഒമാനി റിയാല്‍ – 247.52, സൗദി റിയാല്‍ – 25.33, യു.എ.ഇ ദിര്‍ഹം – 26.07, ഖത്തര്‍ റിയാല്‍ – 25.99, കനേഡിയന്‍ ഡോളര്‍ – 66.82.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *