പോലീസിന്റെ പെല്ലറ്റ് തോക്കുകൊണ്ടു വെടിയേറ്റ വിദ്യാര്‍ത്ഥിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ധര്‍ണ ആരംഭിച്ചു. ജന്തര്‍ മന്തറിലെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സഞ്ജീവ് നല്‍കിയ പരാതിയില്‍ ഒരു മാസമായിട്ടും കേസെടുക്കാത്തതിനാലാണ് രാഹുല്‍ വിദ്യാര്‍ത്ഥിയുമായി ധര്‍ണക്ക് എത്തിയത്. മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കേസെടുത്ത ശേഷമേ ധര്‍ണ അവസാനിപ്പിക്കൂവെന്ന് രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി.
യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളില്‍ 22 ഇന്ത്യാക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കി. യെമന്‍ തീരത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് എരിത്രിയന്‍ പതാകയുള്ള എം.ടി സിബു എന്ന കപ്പല്‍ റാഞ്ചിയത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. സൊമാലിയന്‍ തീരത്തിന് സമീപത്തുവെച്ച് ആക്രമിക്കപ്പെട്ട കപ്പലില്‍ ആറ് ഇന്ത്യക്കാരാണുള്ളത്.
മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പ്രതികള്‍ 46,000 രൂപ വീതം കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായി വാദം കേള്‍ക്കും.
ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുട്ടില്‍ മരംമുറി വഞ്ചന കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. കേസ് പരിഗണിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31 ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു.
നെഹ്‌റു ട്രോഫി ജലമേള നാളെ. എഴുപതിലേറെ വള്ളങ്ങള്‍ മല്‍സരിക്കുന്ന ജലോല്‍സവം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുഖ്യാതിഥിയാകും. ജലമേളയ്ക്കു പുന്നമടക്കായലില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതി യുടെ രണ്ടാം ഗഡുവായായാണ് ഈ തുക അനുവദിച്ചത്.
കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിടുന്ന ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണില്‍ കൊപ്രയ്ക്ക് ഗണ്യമായ വര്‍ധനവോടെ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്യാലനേജ് ഫീസ് പത്തു പൈസയില്‍നിന്ന് പത്തു രൂപയായി വര്‍ധിപ്പിച്ചതോടെ ബെവ്കോ വന്‍ സാമ്പത്തിക നഷ്ടത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്യാലനേജ് ഫീസിനത്തില്‍ ബെവ്കോ സര്‍ക്കാരിലേക്ക് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് നഷ്ടമായത്. ഈ വര്‍ഷം 180 കോടി രൂപയാണു നഷ്ടം. 9 ലിറ്റര്‍ മദ്യം വില്‍ക്കുമ്പോള്‍ 10 പൈസയായിരുന്ന ഗ്യാലനേജ് ഫീസ് 10 രൂപയാക്കിയിരുന്നു. രണ്ടു സാമ്പത്തിക വര്‍ഷത്തെ ഗ്യാലനേജ് ഫീസായി 406 കോടി അടച്ചതോടെയാണ് ബെവ്ക്കോ നഷ്ടത്തിലായത്.
വീണ വിജയനെതിരെ നടക്കുന്ന ഇഡി അന്വേഷണത്തെ വിമര്‍ശിച്ചു മുഖപ്രസംഗവുമായി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല. ഇഡി അപസര്‍പക കഥകള്‍ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും പകപ്പോകല്‍ ആണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മില്‍മ പിരിച്ചുവിട്ട കരാര്‍ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തില്‍ പിഎസ്സി വഴി നിയമിക്കാന്‍ നീക്കം. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍ നിന്ന് ഒഴിവാക്കിയ ആളെ പി എസ് സി വഴി സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമിക്കാനാണ് നീക്കം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 10,000 പേര്‍ക്ക് തിരുവോണസദ്യ നല്‍കുമെന്നു ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്. രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടര്‍ന്ന് ബൂഫേ നല്‍കും.
മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എല്‍ടിടിയില്‍നിന്ന് തിരുവനന്തപുരത്തേക്കും, ഈ മാസം 29 ന് തിരിച്ച് മുംബൈയിലേക്കും സര്‍വീസുണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ഓണക്കാലത്ത് ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍. ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കാണ് സര്‍വീസ്.
മിസാ നാടകത്തിന്റെ രംഗങ്ങള്‍ വെട്ടി പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള സദാചാര പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഡിവൈ എഫ് ഐ. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ സിപിഎം നേതാവും പഞ്ചായത്ത് മെമ്പറുമായ മനു മത്തായി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് എക്സൈസ് പറയുമ്പോള്‍, ചെക്ക് പോസ്റ്റിലെ പണപ്പിരിവിനെയാണ് താന്‍ ചോദ്യം ചെയ്തതെന്ന് മനു മത്തായി പറയുന്നു.
തൃശൂരില്‍ വന്‍ കവര്‍ച്ച. പേരാമംഗലത്ത് തുണിക്കട ഉടമ പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടില്‍ മകളുടെ വിവാഹത്തിന് വാങ്ങിയ 50 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഷോപ്പില്‍ നിന്ന് പുലര്‍ച്ചെ എത്തിയപ്പോഴാണ് ഷക്കീര്‍ മോഷണ വിവരം അറിഞ്ഞത്.
കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ എത്തിയ കാറില്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ പിടികൂടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ 36 റെയില്‍വേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്റ്റാളുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പാചകത്തിനായി പൂപ്പല്‍ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
സിവില്‍ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച് സുപ്രീം കോടതി. എന്നാല്‍, ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തീവ്രപരിശീലനവും തുടര്‍ന്ന് ഒരു വര്‍ഷത്തെ ലോ ക്ലര്‍ക്ക്ഷിപ്പും നിര്‍ബന്ധമാക്കി.
ഛത്തീസ്ഗഢിലും ചോദ്യപേപ്പര്‍ ചോര്‍ച്ച. റായ്പുര്‍ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ രണ്ടാം വര്‍ഷ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലില്‍ തുടരുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ഇന്ന് പഞ്ചാബില്‍ ഏഴ് മണിക്കൂര്‍ ഹര്‍ത്താല്‍. രാവിലെ ഏഴിന് ആരംഭിച്ച ഹര്‍ത്താല്‍ ഉച്ചയ്ക്കു രണ്ടോടെ സമാപിച്ചു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയുമായ എസ്.സോമനാഥിനെ റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്ടൈം, നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ജോസഫ് വിജയ്യും ടിവികെയും യു-ടേണ്‍ അടിച്ചെന്ന വിമര്‍ശനവുമായി ഡിഎംകെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ ബസ് അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
അമ്മയുടെ 80-ാം പിറന്നാള്‍ ആശുപത്രിയില്‍ ആഘോഷിച്ച ശ്രീരംഗപട്ടണം കോണ്‍ഗ്രസ് എംഎല്‍എ രമേഷ് ഗൗഡ വിവാദത്തിലായി. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീല്‍സ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു.
രാജസ്ഥാനില്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സിജെപി നേതാവ് അശുതോഷ് രങ്കയെ മര്‍ദിച്ചു. വാഹനം അടിച്ചുതകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സിജെപി.
അമേരിക്കയിലെ അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിന്‍ സെസ്ന 441 വിമാനമാണ് തകര്‍ന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ജയിലിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിച്ചു മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. ഇക്കാര്യം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥിരീകരിച്ചു.
ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധവും സമ്മര്‍ദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി.
കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്‌കരിച്ച ഔദ്യോഗിക ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, തികച്ചും വ്യത്യസ്തമായി വണ്‍ ബീറ്റ്, വണ്‍ ലീഗ്, വണ്‍ ടീം എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം കെസിഎല്‍ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലിലേക്ക്. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം അട്ടിമറിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലും ഒരു പവന് 880 രൂപ കൂടി 1,17,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മേയ് 14-നു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,05,600 – 1,05,760 രൂപ നിലവാരത്തിലായിരുന്നു പവന്റെ വിലയുണ്ടായിരുന്നത്. 12,080 രൂപയുടെ വര്‍ധനയാണ് പവനില്‍ ഇതിനകം രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ വര്‍ധിച്ച് 12,085 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കൂടി പുതിയ നിരക്ക് 9,410 രൂപയായി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6,070 രൂപയായും രേഖപ്പെടുത്തി. വെള്ളി വിലയിലും ഇന്ന് വര്‍ധന പ്രകടമായി. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയിലേക്ക് ഉയര്‍ന്നു.
രാജ്യത്ത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിയമമനുസരിച്ച്, ഒരാള്‍ക്ക് പരമാവധി 9 സിം കാര്‍ഡുകള്‍ വരെയാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 സിം കാര്‍ഡുകള്‍ മാത്രമാണ്. സിം പരിധി സംബന്ധിച്ച നിയമം പുതിയതല്ലെങ്കിലും, അത് കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്. ഇനി മുതല്‍ പുതിയ സിം എടുക്കുന്നതിന് മുന്‍പ്, ഉപഭോക്താവിന് ഇതിനകം എത്ര കണക്ഷനുകള്‍ ഉണ്ടെന്ന് ടെലികോം കമ്പനികള്‍ ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം വഴി പരിശോധിക്കും. പുതിയ സംവിധാനം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹൈവാന്‍’ എന്ന സിനിമയിലെ ആദ്യ ഗാനമായ ‘മേരെ ഹീറോ ഹേ വോ’ പുറത്തിറങ്ങി. കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാനും ബാലതാരമായ പഹാല്‍ ചൗധരിയും ചേര്‍ന്നുള്ള ഹൃദ്യമായ രംഗങ്ങളാണ് ഗാനരംഗത്തിലുള്ളത്. പ്രീതം സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ജാവേദ് അക്തറാണ്. ഷാനും വാനിക നായകും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ തന്നെ മലയാള ചിത്രം ‘ഒപ്പ’ത്തിന്റെ റീമേക്കാണ് ‘ഹൈവാന്‍’. ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷത്തിലുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍. ‘ഒപ്പ’ത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ…’ എന്ന് തുടങ്ങുന്ന ഗാനത്തെ ഓര്‍മിപ്പിക്കുന്നതാണ് ‘ഹൈവാനി’ലെ പാട്ടും. ബോമന്‍ ഇറാനി, സയാമി ഖേര്‍, ശ്രിയ പില്‍ഗാവോങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സെപ്റ്റംബര്‍ 11-ന് ചിത്രം ആഗോള റിലീസായി എത്തും.
പുറത്തിറങ്ങാനിരിക്കുന്ന ജേസണ്‍ സ്റ്റാതം ചിത്രം ‘മ്യൂട്ടിനി’ ആമസോണ്‍ പ്രൈം വീഡിയോ വഴി ചോര്‍ന്നു. പുറത്തിറങ്ങാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രം യു.എസില്‍ അബദ്ധത്തില്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുകയായിരുന്നു. ഒന്നര മണിക്കൂറിലേറെയുള്ള ചിത്രം ഒരു മണിക്കൂര്‍ നേരം യു.എസിലെ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്രൈം വീഡിയോയില്‍നിന്ന് നീക്കി. എന്നാല്‍, അതിനകംതന്നെ ഒട്ടേറെ ആളുകള്‍ ചിത്രം കണ്ടതായി സാമൂഹികമാധ്യമങ്ങളില്‍ അവകാശപ്പെട്ടു. സംഭവത്തില്‍ ആമസോണോ ചിത്രത്തിന്റെ നിര്‍മാതാക്കളോ വിതരണക്കാരായ ലയണ്‍സ്‌ഗേറ്റോ പ്രതികരിച്ചിട്ടില്ല. ആഗോളതലത്തില്‍ തിയേറ്റര്‍ റിലീസായാണ് ചിത്രം പ്രഖ്യാപിച്ചത്. ഒ.ടി.ടി. റിലീസ് വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടി അന്ന രാജന്‍. കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ കൈരളി ടൊയോട്ടയില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ ജിഎക്സ് 7 സീറ്റര്‍ മോഡലാണ് അന്ന രാജന്‍ തിരഞ്ഞെടുത്തത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ ലഭ്യമായ ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 18.70 ലക്ഷം രൂപ മുതല്‍ 32.95 ലക്ഷം രൂപ വരെയാണ്. ടൊയോട്ട ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു രണ്ടും ചേര്‍ന്ന് 184 ബിഎച്ച്പി കരുത്താണ് നല്‍കുന്നത്. ഇ-സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ ഹൈബ്രിഡ് മോഡലിന് ലീറ്ററിന് 23.34 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലും ഹൈക്രോസില്‍ ലഭ്യമാണ്.
സമ്പൂര്‍ണ പഴ്‌സനല്‍ ഫിനാന്‍സ് പുസ്തകം ഉപദേശങ്ങളില്ല, ടെക്‌നിക്കല്‍ വാക്കുകളില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നവര്‍ക്കു വരെ മനസ്സിലാകുന്നതരത്തില്‍ കഥകളിലൂടെയും നിത്യജീവിത ഉദാഹരണങ്ങളിലൂടെയും മണി മാനേജ്മെന്റ് മനസ്സിലാക്കിത്തരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, നികുതികള്‍, നിക്ഷേപങ്ങള്‍, കുട്ടികളുടെ ഭാവി പ്ലാനിങ്, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, റിട്ടര്‍മെന്റ് പ്ലാന്‍ ഇവയ്ക്കൊന്നിനും ഇനി ഉപദേശകന്റെ ആവശ്യമില്ല. ‘Money Doens’t Grow On Trees’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ പരിഭാഷ. ‘പണം കായ്ക്കുന്ന മരം’. ലാവണ്യ മോഹന്‍. മനോരമ ബുക്സ്. വില 304 രൂപ.
ആര്‍ത്തവ സമയത്തെ ക്ഷീണമകറ്റാന്‍ ചായയും കാപ്പിയും അമിതമായി കുടിക്കാറുണ്ട്. എന്നാല്‍ കഫീന്റെ അമിത ഉപയോഗം ഗര്‍ഭാശയത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വയറുവേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആര്‍ത്തവസമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ ഫീല്‍ ഗുഡ് രാസവസ്തുക്കളുടെ അളവ് കുറയും. ഈ സമയത്ത് കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് മാനസിക അസ്വസ്ഥതകള്‍ക്കും ഊര്‍ജ്ജക്കുറവിനും കാരണമാകുന്നു. ആര്‍ത്തവ സമയത്ത് അമിതമായി മധുരം കഴിക്കാന്‍ തോന്നുന്നത് ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവുള്ളതുകൊണ്ടാണ്. എന്നാല്‍ മധുരം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചൂടുള്ള ഭക്ഷണങ്ങള്‍ എളുപ്പം ദഹിക്കുന്നവയാണ്. അതിനാല്‍ ആര്‍ത്തവ സമയത്ത് തണുത്തതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിതമായ തളര്‍ച്ചയും ക്ഷീണവും അയണിന്റെ കുറവുമൂലം വരുന്നതാണ്. അതിനാല്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.74, പൗണ്ട് – 130.57, യൂറോ – 111.95, സ്വിസ് ഫ്രാങ്ക് – 119.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.52, ബഹറിന്‍ ദിനാര്‍ – 253.85, കുവൈത്ത് ദിനാര്‍ -310.50, ഒമാനി റിയാല്‍ – 248.99, സൗദി റിയാല്‍ – 25.48, യു.എ.ഇ ദിര്‍ഹം – 26.07, ഖത്തര്‍ റിയാല്‍ – 26.26, കനേഡിയന്‍ ഡോളര്‍ – 69.61.
