◾പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയില്‍ ഉജ്വല വരവേല്‍പ്. പൂക്കള്‍ വിതറി ബിജെപി പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റു. പുഷ്പാലംകൃതവും ദീപാലംകൃതവുമായ തുറന്ന വാഹനത്തില്‍ മോദി റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് അര മണിക്കൂറെടുത്തു. അര മണിക്കൂറിലേറെ വൈകി ഏഴേമുക്കാലോടെ ആരംഭിച്ച റോഡ് ഷോ എട്ടേകാലിനു സമാപിച്ചു. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഉണ്ടായിരുന്നു. രാത്രിയിലെ റോഡ് ഷോയ്ക്ക് റോഡിനിരുവശത്തും വൈദ്യുത ദീപങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈകുന്നേരം മൂന്നു മുതല്‍ നാലര മണിക്കൂറാണ് മോദിയെ കാണാന്‍ ജനം കാത്തുനിന്നത്.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകുന്നേരം ആറേമുക്കാലിന് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു. മോദി 7.10 ന് നാവികസേനാ ആസ്ഥാനത്തെത്തി. മോദിയുടെ സന്ദര്‍ശനംമൂലം കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നാലായിരം കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പാചകവാതക വിതരണം ഉറപ്പാക്കുന്ന പദ്ധതിയാണ് ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ എട്ടോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദര്‍ശനത്തിനുശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. 12 നു കൊച്ചി ഷിപ് യാര്‍ഡില്‍ എത്തുന്ന അദ്ദേഹം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഒന്നരയ്ക്കു മറൈന്‍ ഡ്രൈവില്‍ ഏഴായിരം ബിജെപി പ്രതിനിധികളുടെ സമ്മേളനത്തില്‍ പ്രസംഗിച്ചശേഷം രണ്ടരയോടെ ഡല്‍ഹിക്കു മടങ്ങും.
◾എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചതിനു രണ്ട് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഫ്ളക്സും പോലീസ് നീക്കി.
◾‘കൊച്ചിയുടെ സ്നേഹത്തില്‍ വിനയാന്വിതനായി ചില കാഴ്ചകള്‍ പങ്കുവയ്ക്കുന്നു.’ കൊച്ചിയില്‍ തനിക്കു ലഭിച്ച വരവേല്‍പിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എക്സ് പ്ളാറ്റ്ഫോമില്‍ മോദി മലയാളത്തില്‍ കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു
◾സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പൊലീസില്‍ സ്ഥലംമാറ്റം. തെരഞ്ഞെടുപ്പു ചട്ടമനുസരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ജില്ലയില്‍ ജോലി ചെയ്യാന്‍ പാടില്ല. വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടല്ലൂരിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. കൊച്ചി കമ്മീഷണര്‍ എ.അക്ബറിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. പകരം ആഭ്യന്തര സുരക്ഷ ഐജി ശ്യാം സുന്ദര്‍ കൊച്ചി കമ്മീഷണറാകും. വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണല്‍ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ലയ്ക്കു പുറത്തേക്കു മാറ്റി ഉത്തരവിറക്കി.
◾കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചു. 36 അംഗ സമിതിയില്‍ എംപിമാരും പുതുമുഖങ്ങളുമുണ്ട്. 21 അംഗ സമിതിയാണ് 36 അംഗ സമിതിയാക്കിയത്. സമിതി അംഗങ്ങള്‍: കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രഫ. പിജെ കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, ടിഎന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി. സിദീഖ്, എ.പി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോഡി എം ജോണ്‍, എന്‍. സുബ്രഹ്‌മണ്യന്‍, അജയ് തറയില്‍, വിഎസ് ശിവകുമാര്‍, ജോസഫ് വാഴക്കന്‍, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ഡോ. ശൂരനാട് രാജശേഖരന്‍, പികെ ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം.
◾അയോധ്യ വിഷയത്തില്‍ ഗായിക കെഎസ് ചിത്രയ്ക്കെതിരേ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, ചിത്ര അടക്കം ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സജി ചെറിയാന്‍.
◾പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018 ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് 13,000 രൂപ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. പത്തു പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്.
◾തലശേരി -മാഹി ബൈപാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ആറുവരിപ്പാത ബൈപ്പാസ് 1181 കോടി രൂപ മുടക്കിയാണു നിര്‍മിച്ചിരിക്കുന്നത്.
◾ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. 2023-2024 സാമ്പത്തിക വര്‍ഷം 132 പേര്‍ക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാന്‍ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ഈ സഹായം.
◾ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്കും നോട്ടീസയച്ചു. ബദല്‍ പാത നിര്‍ദേശം പരിഗണനയിലുണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചു.
◾റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. കരാറുകാര്‍ക്കു നല്‍കാനുണ്ടായിരുന്ന കുടിശികത്തുകയില്‍ നവംബര്‍ വരെയുള്ള തുക വിതരണം ചെയ്യാന്‍ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരേഷ് ഗോപി സ്വര്‍ണത്തളിക സമ്മാനിക്കും. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോദി ഗുരുവായൂരില്‍ എത്തുന്നത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ മോഹന്‍ -ശ്രീദേവി ദമ്പതികളുടെ മകന്‍ ശ്രേയസ് ആണു വരന്‍. രാവിലെ 8.45 നാണു വിവാഹം. 19 നു കൊച്ചിയിലും 20 നു തിരുവനന്തപരുത്തും വിരുന്ന് നടത്തും. ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾എ ഐ ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന് രണ്ടാം ഗഡുവായി 11.79 കോടി രൂപ നല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ക്യാമറ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയില്‍ ഫണ്ട് അനുവദിക്കുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു.
◾നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 49 കോടി റെക്കോര്‍ഡുകളുടെ ഡേറ്റ പോര്‍ട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
◾ആലപ്പുഴയില്‍ കളക്റ്ററേറ്റ് മാര്‍ച്ചിനിടെ വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി ജി പിക്ക് കത്തു നല്‍കി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ഉള്‍പ്പെടെ പതിനാറു പേര്‍ക്കാണ് പരിക്കേറ്റത്.
◾നവകേരള സദസ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍. ഡി വൈ എഫ് ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി പാപ്പാടിയില്‍ വീട്ടില്‍ അനൂപ് വിശ്വനാഥന്‍ (30) ആണ് അറസ്റ്റിലായത്.
◾നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ജി കാപിറ്റല്‍ എന്ന കമ്പനിയുണ്ടാക്കി കൂടുതല്‍ പലിശയും ആദായവും നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം വാങ്ങിയ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണു പിടികൂടിയത്. ഇരുന്നൂറിലേറെ പേര്‍ തട്ടിപ്പിനിരയായെന്നു പോലീസ് പറഞ്ഞു.
◾വായ്പാ തട്ടിപ്പും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹീരാ ഗ്രൂപ്പിന്റെ 32 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി.
◾മലയാളി കര്‍ഷകന്‍ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാര്‍ എന്ന നാല്‍പത്തഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ചാമരാജ് നഗര്‍ ജില്ലയില്‍ കുള്ളൂരില്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാര്‍.
◾പത്തനംതിട്ട പരുമല തിക്കപ്പുഴയില്‍ മൊബൈല്‍ ടവറിനു തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറിനാണ് തീപിടിച്ചത്.
◾എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നത് അപമാനകരമാണ്. നാഗലാന്റിലെ ജനങ്ങളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറും നടപ്പാക്കിയില്ലെന്ന് കൊഹിമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
◾ആന്ധ്രാ പ്രദേശില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. അധ്യക്ഷ പദവി രാജിവച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ജി രുദ്രരാജുവിനെ പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാക്കും.
◾ഡീപ് ഫേക്ക് തട്ടിപ്പിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇരയാക്കിയ സാഹചര്യത്തില്‍ സമൂഹ മാധ്യമ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത കമ്പനികള്‍ക്കെതിരേ ഒരാഴ്ചയ്ക്കകം നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ പരിഹസിച്ചു പ്രസംഗിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഞ്ജയ് സിംഗ് എംപിക്കും എതിരേ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ.
◾കോണ്‍ഗ്രസിലെ ആര്‍ക്കും അയോധ്യയില്‍ പോകാമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷ്ഠാ ദിനം മോദി രാഷ്ട്രീയ ചടങ്ങാക്കിയതിനാലാണ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
◾ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാറാണു പിടിയിലായത്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.
◾ഐസ്ലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനംമൂലം വന്‍ നാശം. ലാവ ഒഴുകിയതിനെ തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലെ വീടുകള്‍ കത്തിനശിച്ചു. പ്രദേശത്തെ വീട്ടുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപര്‍വത സ്ഫോടനമാണ് ഇത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
◾ടെന്നീസില്‍ ഒരു ഇന്ത്യന്‍ താരോദയം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിലെ പുരുഷ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ കസാഖിസ്താന്റെ ലോക 27-ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ തകര്‍ത്ത ഇന്ത്യയുടെ സുമിത് നാഗലാണ് ആ താരം. ഇതിഹാസ താരം രമേഷ് കൃഷ്ണന് ശേഷം 36 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാന്‍ഡ്സ്ലാമില്‍ ഒരു സീഡഡ് താരത്തെ തോല്‍പ്പിച്ച ഇന്ത്യക്കാരനായി മാറുകയാണ് സുമിത് നാഗല്‍. ലോക റാങ്കിങ്ങില്‍ 137-ാം സ്ഥാനത്തുള്ള സുമിത് രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 6-4, 6-2, 7-6 എന്ന സ്‌കോറിനാണ് അട്ടിമറി വിജയം നേടിയത്. രമേഷ് കൃഷ്ണന്‍ അഞ്ചു തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്.
◾അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക. വൈകീട്ട് 7 മണി മുതലാണ് മത്സരം.
◾ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 25.28 ശതമാനം വളര്‍ച്ചയോടെ 1006.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്. മാത്രമല്ല 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 803.61 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റബറില്‍ 953.82 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 4,967.25 കോടി രൂപയില്‍ നിന്ന് 32.72 ശതമാനം വര്‍ധിച്ച് 6,592.66 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭവും എക്കാലത്തെയും ഉയരത്തിലെത്തി. മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 1,274.21 കോടി രൂപയില്‍ നിന്ന് ഇക്കുറി 1,437.33 കോടി രൂപയായാണ് ഉയര്‍ന്നത്. അറ്റ പലിശ വരുമാനം കൂടിയതും ബാങ്കിന് ഗുണമായി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1,956.63 കോടി രൂപയില്‍ നിന്ന് 2,123.36 കോടി രൂപയായി 8.53 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ മൊത്ത വരുമാനം 32.72 ശതമാനം വളര്‍ച്ചയോടെ 6,592.66 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.43 ശതമാനത്തില്‍ നിന്ന് 2.29 ശതമാനത്തിലേക്കും അറ്റനിഷ്‌ക്രിയ ആസ്തി 0.73 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേയ്ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ബാങ്കിന്റെ മൊത്തം നിക്ഷേപം 2.01 ലക്ഷം കോടി രൂപയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 1.99 ലക്ഷം കോടി രൂപയിലേക്കും വര്‍ധിച്ചു.
◾‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ് സുകുമാരനും, ബേസില്‍ ജോസഫുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍. നിഖില വിമലും അനശ്വര രാജനുമാണ് ചിത്രത്തിലെ നായികമാര്‍. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമെത്തുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ്, ബൈജു, ഇര്‍ഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ ആണ്. ഏപ്രിലിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
◾ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിട്ട ‘അയലാന്‍’ ആഗോളതലത്തില്‍ ആകെ 50 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകന്‍ ശിവകാര്‍ത്തികേയന്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയന്‍ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മറ്റൊരു വമ്പന്‍ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ വലിയ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‌കെ 21 എന്നാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയന്റെ നായികയായെത്തുന്നത്.
◾ക്രേറ്റയുടെ പുതിയ മോഡലിന്റെ വില 10.99 ലക്ഷം രൂപ മുതല്‍. പെട്രോള്‍, ടര്‍ബൊ പെട്രോള്‍, ഡീസല്‍ മോഡലുകളിലായി എത്തുന്ന പുതിയ മോഡലിന്റെ വില പെട്രോള്‍ അടിസ്ഥാന വേരിയന്റിന് 10.99 ലക്ഷം രൂപ മുതല്‍ 18.69 ലക്ഷം രൂപ വരെയും ടര്‍ബോ പെട്രോള്‍ മോഡലിന് 19.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 12.44 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നിലവിലെ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് ക്രേറ്റ എത്തിയത്. സെന്‍ഷ്യസ് സ്പോര്‍ട്ടിനസ് എന്ന ഹ്യുണ്ടേയ്യുടെ ഗ്ലോബല്‍ ഡിസൈനിലാണ് പുതിയ ക്രേറ്റയുടെ നിര്‍മാണം. എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ക്രേറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളും ഒരു ഡീസല്‍ എന്‍ജിന്‍ മോഡലുമുണ്ടാകും. 113 ബിഎച്ച്പി കരുത്തും 143.8 എന്‍എം ടോര്‍ക്കുമുണ്ട് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍. 1.5 ലീറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്റെ പവര്‍ 113 ബിഎച്ച്പിയും ടോര്‍ക്ക് 250 എന്‍എമ്മും. ആറ് സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍. 1.4 ലീറ്റര്‍ ടര്‍ബോ പെട്രോളിന് പകരം 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 158 ബിഎച്ച്പി, 253 എന്‍എം ടോര്‍ക്ക്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍.
◾ജയമായാലും തോല്‍വിയായാലും അനുഭവങ്ങളെ സ്വീകരിക്കുക എന്നതാണ് പ്രധാനം. കടന്നുവന്ന ഓരോ വഴിയും നമുക്ക് വെളിച്ചമായിട്ടുണ്ടാവും. മുന്നിലൂടെ പോയ അന്ധന്‍പോലും പ്രകാശം പരത്തിക്കാണും. ഓരോ വ്യക്തിയും വായനയും ചിത്രവും പ്രഭാഷണവും പൂവും മരങ്ങളുമെല്ലാം മനസ്സിനെ തൊട്ടാണ് മറയുന്നത്. ഇവയെല്ലാം ഓരോ ദിവസവും പുതിയ പാഠങ്ങള്‍ പറഞ്ഞുതരുന്നു. ഒന്നും പറയാതെ ഒരാളും, ഒരു ജീവിയും പ്രകൃതിയും നമുക്കു മുന്നിലുണ്ടാവില്ല. ഇതു കഥയല്ല, ആത്മകഥയുമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ പിടിവള്ളിയായി കുതിച്ചുകയറാന്‍ ശേഷിയുള്ള തിരിച്ചറിവുകള്‍… വെട്ടിപ്പിടിക്കലും കൊട്ടിഘോഷങ്ങളും മാത്രമല്ല, വിട്ടുകൊടുക്കലും മനസ്സിലാക്കലും കൂടിയാണ് ജീവിതം എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ‘ഇരുട്ടില്‍ കൈപിടിക്കുന്ന വെളിച്ചങ്ങള്‍’. പി.കെ അനീസ്. മാതൃഭൂമി. വില 204 രൂപ.
◾ഭക്ഷണം കഴിക്കും മുന്‍പ് ഉപ്പ് ചേര്‍ത്ത് പതിവായി കഴിക്കുന്നത് ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും എന്ന് പഠനം. സി.കെ.ഡി എന്നും അറിയപ്പെടുന്ന വൃക്കരോഗം, ദീര്‍ഘകാലവൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും ജമാനെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇടയ്ക്കാണെങ്കില്‍ പോലും ഭക്ഷണത്തില്‍ ഉപ്പ് വിതറി കഴിക്കുന്നത് വൃക്കത്തകരാറിനുള്ള സാധ്യത കൂട്ടും. യുകെബയോബാങ്കില്‍ നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠനത്തിനായി ശേഖരിച്ചു. 37 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വര്‍ഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ എത്രത്തോളം ഉപ്പ് ചേര്‍ക്കുന്നുവെന്നും പരിശോധിച്ചു. മനുഷ്യശരീരത്തിന് ഫ്ലൂയിഡുകളെ ബാലന്‍സ് ചെയ്യാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. ദിവസം 2,300 മില്ലിഗ്രാമിലധികം ഉപ്പ് കഴിക്കാന്‍ പാടില്ല എന്നാണ് ഭക്ഷ്യമാര്‍ഗരേഖകള്‍ പറയുന്നത്. ഇത് ഏതാണ്ട് 1 ടീസ്പൂണ്‍ അളവിലുള്ള ഉപ്പ് ആണ്. പഠനത്തിന്റെ തുടക്കത്തില്‍, ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നവര്‍ പുകവലിക്കുന്നവരോ, പ്രമേഹം, ഹൃദയപ്രശ്നങ്ങള്‍ ഇവ ഉള്ളവരോ ആയിരുന്നു എന്നു കണ്ടു. ഇവര്‍ പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരും ആയിരുന്നു ഇവരുടെ വൃക്കകളുടെ പ്രവര്‍ത്തനവും കുറവായിരുന്നിരിക്കാം. നിലവില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ ഇടയ്ക്കു മാത്രം ഉപ്പ് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നത് പോലും ഗുരുതരമായ വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും എന്നു കണ്ടു. ഉപ്പ് അപൂര്‍വമായി മാത്രമോ, ഒട്ടും ഉപ്പ് ചേര്‍ക്കാത്തവരെയോ അപേക്ഷിച്ച് എപ്പോഴും ഭക്ഷണം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നവരില്‍ വൃക്കരോഗസാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടു. ന്യൂ ഓര്‍ലിയന്‍സിലെ ടുലേന്‍ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഉപ്പിന്റെ ഉയര്‍ന്ന ഉപയോഗം വൃക്കത്തകരാറിനു പുറമെ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും, നേരത്തേയുള്ള മരണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
നാളെ എല്ലാവര്‍ക്കും ആപ്പിള്‍ ലഭിക്കുന്നതാണെന്ന ഒരു വിളംബരം സ്വര്‍ഗ്ഗത്തില്‍ നിന്നും ഉണ്ടായി. ധാരാളം പേര്‍ ആപ്പിള്‍ വാങ്ങാനെത്തി. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും. അവള്‍ ആപ്പിള്‍ വാങ്ങി തിരിച്ചുനടക്കുമ്പോള്‍ കയ്യില്‍ നിന്ന് ആപ്പിള്‍വീണ് ഒരു കുഴിയിലേക്ക് ഉരുണ്ടുപോയി. ആകെ സങ്കടപ്പെട്ട അവള്‍ വീണ്ടും ആപ്പിള്‍ വാങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, നീണ്ട വരിയാണ്. മാത്രമല്ല, ദൈവത്തിന്റെ അരികിലുളള കുട്ടയിലെ ആപ്പിള്‍ ചിലപ്പോള്‍ തീരാനും സാധ്യതയുണ്ട്. എങ്കിലും അവള്‍ ആ വരിയില്‍ ഏറ്റവും പിന്നിലായി നിന്നു. നീണ്ട നേരത്തിന് ശേഷം ദൈവത്തിനടുത്തേക്ക് അവള്‍ എത്തി. അപ്പോള്‍ പഴയ കുട്ടയിലെ ആപ്പിള്‍ തീര്‍ന്ന് ദൈവം പുതിയ കുട്ടയില്‍ നിന്ന് നല്ലൊരു ആപ്പിള്‍ അവള്‍ക്ക് നല്‍കി. ദൈവം പറഞ്ഞു: ഞാന്‍ നിനക്ക് നേരത്തെ തന്ന ആപ്പിളിന്റെ ഒരു ഭാഗം ചീത്തയായിരുന്നു. അതാണ് ഞാന്‍ അത് തട്ടിക്കളഞ്ഞത്. പുതിയ ആപ്പിള്‍ വരാനുണ്ടായിരുന്നു. അതാണ് നിന്നെ ഞാന്‍ വലിയ ക്യൂവില്‍ നിര്‍ത്തിയത്. പലതിന്റെയും മുന്‍പും പിന്‍പും അറിയാതെയുള്ള ഹ്രസ്വദൂര പദ്ധതികളാണ് പലരും ആവിഷ്‌കരിക്കുന്നത്. നമ്മളുടെ പദ്ധതികള്‍ക്കും ആസൂത്രണങ്ങള്‍ക്കും ചിലപ്പോള്‍ പോരായ്മകളുണ്ടാകാം. അറിവിന്റെയും അനുഭവത്തിന്റെയും കാഴ്ചയുടേയും കേള്‍വിയുടേയുമെല്ലാം പരിമിതികള്‍ക്കുളളില്‍നിന്നാണ് നമ്മള്‍ ഓരോരുത്തരും പലതും ആസൂത്രണം ചെയ്യുന്നത്. തന്നിഷ്ടപ്രകാരം നടന്നാല്‍ താനാഗ്രഹിച്ചതു ലഭിക്കും. എന്നാല്‍ ഈശ്വരനിശ്ചയപ്രകാരം നടന്നാല്‍ താനര്‍ഹിക്കുന്നത് ലഭിക്കും. ദൈവം തരുന്ന ആപ്പിളിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം – ശുഭദിനം.