കുഞ്ചാക്കോ ബോബനും ലിജോമോള് ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ ജൂലൈ 31-ന് തിയറ്ററുകളിലേക്ക്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്മാണ സംരംഭമായ ‘ഉന്മാദം’ ശ്രദ്ധേയരായ എഡിറ്റര്മാരില് ഒരാളായ കിരണ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോണ്സ്റ്റബിള്, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതും അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകള് വര്ദ്ധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്, സാബു മോന്, കോട്ടയം നസീര്, ജിജോയ് രാജഗോപാല്, ഗോകുലന്, അരുണ് ചെറുകാവില്, ഉണ്ണി ലാലു, ഷാജു ശ്രീധര്, കൃഷ്ണപ്രഭ, കിരണ് പീതാംബരന്, വിഷ്ണു, റെയ്ന രാധാകൃഷ്ണന്, സിജോയ് വര്ഗീസ്, വിഘ്നേശ്വര് സുരേഷ് തുടങ്ങിയ വന് താരനിര തന്നെ ചിത്രത്തില് അണിനിരക്കുന്നു.
