ഇന്ത്യന്‍ ലൈഫ്സ്റ്റൈല്‍ പിക്ക്അപ്പ് ട്രക്ക് വിപണിയില്‍ തങ്ങളുടെ ആധിപത്യം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ തലമുറ ഹൈലക്സുമായി ടൊയോട്ട. ഒമ്പതാം തലമുറ മോഡല്‍ ജൂലൈ 28ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ തലമുറ ഹൈലക്സിന് പരമാവധി ഒരു ടണ്‍ വരെ പേലോഡ് ശേഷിയും 3,500 കിലോഗ്രാം വരെയുള്ള വമ്പന്‍ ടോവിങ് ശേഷിയും ഉണ്ട്. വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും മികച്ച ഡ്രൈവിങ് അനുഭവം നല്‍കാന്‍ ഇതിലെ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിന് സാധിക്കും. കറുത്ത ട്രിം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സ്ലിം എല്‍ഇഡി ഹെഡ്‌ലാമ്പുകളുള്ള ഹണികോമ്പ് ഗ്രില്‍, മസ്‌കുലാര്‍ ഫെന്‍ഡറുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റ്, സി-ആകൃതിയിലുള്ള എല്‍ഇഡികളുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍ എന്നിവ പുതിയ മോഡലിലുണ്ട്. അതേ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഇതിനും കരുത്തുപകരുക. 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
