മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
മദ്യനയക്കേസിൽ കെജ്രിവാളിന് ഉടൻ മോചനമില്ല ജയിലിൽ തുടരും
