ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുതിയ വെബ്സൈറ്റായ ‘കര്‍ സാഥി’ പുറത്തിറക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ വെബ്സൈറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ‘കര്‍ സാഥി’ ചാറ്റ്‌ബോട്ടാണ്. നികുതിദായകര്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഈ ചാറ്റ്‌ബോട്ട് വഴി സഹായം ലഭിക്കും. പുതിയ ആദായനികുതി നിയമം സുഗമമായി നടപ്പിലാക്കുന്നതിനായുള്ള ‘പ്രാരംഭ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നികുതിദായകരെ സഹായിക്കാനായി 2,200-ലധികം ചോദ്യോത്തരങ്ങളും 186 ഫോമുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
