ലോകസമാധാനത്തിനായി ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് മാർപാപ്പ ലിയോ പതിനാലാമൻ ആവശ്യപ്പെട്ടു. ഹെർസോഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വത്തിക്കാൻ വ്യക്തമാക്കി.മാനുഷിക മൂല്യങ്ങൾ പാലിക്കണമെന്നും ഇസ്രായേലിനോട് മാർപാപ്പ ആവശ്യപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർലമെൻറ് പാസാക്കിയ ജനവിശ്വാസ് ബില്ലിലൂടെ 79 നിയമങ്ങൾ ഭേദഗതി ചെയ്ത് ആയിരത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കി. ജനജീവിതം ലളിതമാക്കാനും വ്യവസായങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിടുന്ന ബിൽ, മോട്ടോർ വാഹന നിയമത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.ഒഴിവാക്കിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കോടി കേസുകൾ കോടതികളിൽ നിലനില്ക്കുന്നു എന്നാണ് കണക്കെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇത് തീർപ്പാക്കാനുള്ള നടപടി സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായി നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്.ആദ്യം നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. അന്ന് ആർഎസ്എസിനെ മാത്രം ഒഴിവാക്കി കൊടുത്തു. കോൺഗ്രസ് കൊണ്ടുവന്ന നിയമത്തെ ബിജെപി തീവ്രമാക്കി കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി വീണ ജോർജ്. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത് തോൽവി ഭയന്നുള്ള രണ്ടാമത്തെ നാടകമാണെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി പ്രതികരിച്ചു.
മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം.തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ പ്രചാരണത്തിന് എത്തിയതായിരുന്നു സലിം കുമാർ.
ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി മുസ്ലീം ലീഗിൽ ചേർന്നു. പി കിഷൻ ചന്ദാണ് മുസ്ലീം ലീഗിലേക്കെത്തിയത്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട കിഷൻ ചന്ദിനെ നേരത്തെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു.
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കും കുരുക്ക്. തെഹ്ലിയ സമുദായത്തിന്റെ പേരിൽ വോട്ടഭ്യർഥിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് അയച്ചു. സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് സ്ഥാനാർത്ഥിക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് ആർ ഒ നടപടി സ്വീകരിച്ചത്.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ അനൗൺസ്മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് സംഭവത്തിന് സമാനമാണിതെന്നും, തോൽവി ഉറപ്പായപ്പോൾ അധികാരം നിലനിർത്താൻ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാവുമായി ബന്ധപ്പെട്ട് തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും, എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കയ്യിലുണ്ട് അത് ആർക്കും പരിശോധിക്കാമെന്നും പരാതിയിൽ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി പദവിക്ക് ചേർന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അക്കാര്യത്തിൽ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണെന്നും അദ്ദേഹത്തെ കാറിൽ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണ്, അന്ന് മുഖ്യമന്ത്രി കാറിൽ കയറ്റിയില്ലെങ്കിൽ അതും വിവാദമായേനെയെന്നും എംഎ ബേബി പറഞ്ഞു.
സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ,തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി.പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.
എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം. എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്നും ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ് ഘാതകരുടെ ഒപ്പമല്ലെന്നുമായിരുന്നു പ്രതികരണം. എഫ്സിആർഎ നിയമ ഭേദഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.വികസനം കാണാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് നീതി ആയോഗ് സൂചികകളിലെ ദാരിദ്ര നിരക്ക്, സാക്ഷരതാ നിരക്ക്, സുസ്ഥിര വികസന നിരക്ക് അടക്കം ചൂണ്ടിക്കാട്ടി കേരളവും തെലങ്കാനയും തമ്മിലുള്ള താരതമ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ കലഹം. രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി രംഗത്തെത്തി, വിജയസാധ്യതയുള്ളവരെ തഴഞ്ഞെന്നും അവർ കുറ്റപ്പെടുത്തി. മെയ് 4 ന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഈ പട്ടിക തള്ളിക്കളയാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.27 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ ഒഴിവാക്കി.കോയമ്പത്തൂരിൽ മത്സരിക്കാൻ അണ്ണാമലൈ ഒരുക്കമായിരുന്നെങ്കിലും ജില്ലയിൽ ബി ജെ പിക്ക് അനുവദിച്ച ഏക സീറ്റ് വാനതി ശ്രീനിവാസനാണ് നൽകിയത്.ഇക്കുറി എൻ ഡി എ സഖ്യം അധികാരത്തലേറുമെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഇറാൻ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് വഴി തിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാറിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലാണ് നിലവിൽ ചൈനയിലെഡോങ്‌യിംഗിലേക്ക് തിരിച്ച് വിട്ടിട്ടുള്ളത്. ആറ് ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.
ഇസ്രായേല്‍ ലെബനനില്‍ നടത്തുന്നത് സൈനിക അധിനിവേശം. ഇറാന്റെ വലംകൈയായ ഹിസ്ബുല്ലയെ നേരിടാനെന്ന പേരില്‍, തെക്കന്‍ ലെബനന്‍ പിടിച്ചെടുത്ത് സ്വന്തം രാജ്യം വിപുലീകരിക്കാനുള്ള പദ്ധതികളാണ് ഇസ്രായേല്‍ നടത്തുന്നത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരയും ക്രൈസ്തവ ദേവാലയങ്ങളും ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൊതുജനങ്ങളുടെ സുരക്ഷയും കമ്മ്യൂണിറ്റിയുടെ ക്ഷേമവും ഉറപ്പാക്കാനാണ് യുഎഇ അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.
ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഗൗരവമായ രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കി ഛദ്ദ സ്വന്തം പ്രശസ്തിക്കായി പ്രവർത്തിക്കുന്നുവെന്ന് മൻ ആരോപിച്ചു. ഈ അഭിപ്രായവ്യത്യാസം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാക്കിയിരിക്കുകയാണ്.രാഘവ് ചദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിച്ചു.
ഇറാൻ യുദ്ധം ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി . യുദ്ധം കാരണം ഭക്ഷ്യവിലകൾ കുതിച്ചുയരുകയാണ്, ഇത് തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം 40 ദിവസത്തിലധികം നീണ്ടുനിന്നാൽ ആഗോള ഭക്ഷ്യോൽപ്പാദനം വൻതോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് എഫ് എ ഒ നിരീക്ഷിച്ചു .
ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഓസ്‌ട്രേലിയൻ സർക്കാർ . വിസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളുടെ നിലവാരം ലെവൽ 2-ൽ നിന്ന് ലെവൽ 3-ലേക്ക് ഉയർത്തി. 2026 ജനുവരി 8 മുതൽ മുൻകൂർ പ്രാബല്യത്തോടെ ഈ മാറ്റം നിലവിഷ വന്നു. 2025 സെപ്റ്റംബറിന് മുൻപ് നിലവിലിരുന്ന അതേ പരിശോധനാ മാനദണ്ഡങ്ങളാണ് ഇപ്പോൾ വീണ്ടും ഏർപ്പെടുത്തിയിരിക്കുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. ചൈനയിലെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്നാരോപിച്ചാണ് ചൈനയിലെ ഷിൻജിയാങ് മേഖലയിലെ പാർട്ടി മേധാവിയായ മാ സിൻഗ്രൂയിക്കെതിരെ അന്വേഷണം നടക്കുന്നത്.
ദമ്മാം (സൗദി അറേബ്യ) വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.
ആഗോള വിപണിയിലെ എണ്ണവില വർദ്ധനവിനെ തുടർന്ന് പാകിസ്താനിൽ ഇന്ധനവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില കുത്തനെ ഉയർന്നു. സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ചില സബ്‌സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ വിലവർദ്ധനവ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
