തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയതെന്നും നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജയിൽ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചയുടൻ തങ്ങൾക്ക് വിവരം കൈമാറിയെന്നും കമ്മീഷണർ വിശദീകരിച്ചു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങൾ ലഭിച്ചു. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗോവിന്ദചാമിയെ പിടികൂടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കണ്ണൂർ സിറ്റി കമ്മീഷണർ
