പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം പൂര്‍ണമായി വിറ്റഴിക്കാന്‍ ജപ്പാനീസ് ധനകാര്യ സ്ഥാപനമായ സുമിറ്റോമോ മിറ്റ്സൂയി ബാങ്കിംഗ് കോര്‍പറേഷന്‍. മുംബൈ ആസ്ഥാനമായ യെസ് ബാങ്കിന്റെ 25 ശതമാനത്തിനടുത്ത് ഓഹരികള്‍ വാങ്ങാന്‍ സുമിറ്റോമോ മിറ്റ്സൂയിക്ക് അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്കിയിരുന്നു. കൊട്ടക് മഹീന്ദ്രയിലുള്ള 1.65 ശതമാനം അല്ലെങ്കില്‍ 32.8 മില്യണ്‍ ഓഹരികളാണ് സുമിറ്റോമോ മിറ്റ്സൂയി ബ്ലോക്ഡീലിലൂടെ വിറ്റൊഴിവാക്കുന്നത്. 14,000 കോടി രൂപയ്ക്കടുത്ത് ഓഹരി വാങ്ങുന്നതിനായി സുമിറ്റോമോ മിറ്റ്സൂയി ചെലവഴിക്കും. യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13.19 ശതമാനം ഓഹരികള്‍ സുമിറ്റോമോ മിറ്റ്സൂയി വാങ്ങും. കൂടാതെ ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ കൈവശമുള്ള 6.81 ശതമാനം ഓഹരികളും ജപ്പാനീസ് ധനകാര്യ സ്ഥാപനം വാങ്ങും. യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമകളായാലും പ്രമോട്ടര്‍ റോളിലേക്ക് സുമിറ്റോമോ മിറ്റ്സൂയിക്ക് വരാന്‍ സാധിക്കില്ല.
കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം വിറ്റഴിക്കാന്‍ ജപ്പാനീസ് ബാങ്ക്
