മാര്‍ച്ച് മാസം ദേശീയ കോളോറെക്ടല്‍ ക്യാന്‍സര്‍ അവബോധ മാസമാണ്. വന്‍കുടലിലെയും മലാശയത്തിലെയും അര്‍ബുദത്തിന്റെ സ്ക്രീനിംഗ്, പ്രതിരോധം, നേരത്തെ കണ്ടെത്തല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഇങ്ങനെയൊരു അവബോധ മാസം ആചരിക്കുന്നത്. കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്നത് വന്‍കുടലിന്റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ്. ജനിതക കാരണങ്ങള്‍ക്കപ്പുറം ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് മലാശയ അര്‍ബുദങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ അമിത ഉപയോഗം, കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലാശയ അര്‍ബുദ സാധ്യത കൂട്ടാം. അതുപോലെ അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ എന്നിവ കാരണവും ഈ ക്യാന്‍സര്‍ സാധ്യത കൂടാം. യുവാക്കളില്‍ വര്‍ധിച്ചുവരുന്ന മലാശയ അര്‍ബുദ മരണങ്ങള്‍ക്കു പിന്നില്‍ അമിതവണ്ണവും മദ്യപാനവുമാണെന്ന് അടുത്തിടെ ഒരു പഠനവും കണ്ടെത്തിയിരുന്നു. മിലാന് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അനാല്‍സ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍ ആണ് മലാശയ അര്‍ബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. മലബന്ധം, വയറിളക്കം അടിക്കടി അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം, വയറില്‍ സ്ഥിരമായുള്ള വേദനയും അസ്വസ്ഥതയും വയറ്റില്‍ നിന്ന് പോകുമ്പോള്‍ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും മലാശയ അര്‍ബുദത്തിന്റെ സൂചനയാകാം. മലത്തിന്റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല് തുടങ്ങിയവയൊക്കെ മലാശയ അര്‍ബുദത്തിന്റെ സൂചനകളായും കാണപ്പെടാം.
ഇത് കാളോറെക്ടല് ക്യാന്‍സര്‍ അവബോധ മാസം
