ജീവിതശൈലിയുമായി ബന്ധപ്പെട്ട പല ഘടകങ്ങള്‍ മൂലം ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. 35നും 54നും ഇടയിലുള്ള പ്രത്യുത്പാദന ഘട്ടത്തിലുള്ള യുവതികളില്‍ ഹൃദ്രോഗസാധ്യത ഉയരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തേതാണ് പുകവലി. പുകവലി നല്ല കൊളസ്ട്രോള്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്റെ തോത് കുറയ്ക്കും. ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് രക്തത്തിന്റെ കട്ടി വര്‍ധിപ്പിച്ച് രക്തധമനികളുടെ ഭിത്തികള്‍ക്ക് കേട് വരുത്തും. പുരുഷന്മാരായ പുകവലിക്കാരെ അപേക്ഷിച്ച് സ്ത്രീകളായ പുകവലിക്കാരില്‍ ഹൃദ്രോഗ സാധ്യത 25 ശതമാനം അധികമാണ്. ഇപ്പോഴത്തെ യുവതികള്‍ക്ക് ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന സമ്മര്‍ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ഇത് രക്തക്കുഴലുകളിലെ നീര്‍ക്കെട്ടും ക്ലോട്ടുകളും ഉയര്‍ത്തുകയും ചെയ്യും. ഗര്‍ഭനിയന്ത്രണത്തിനായി കഴിക്കുന്ന ഹോര്‍മോണല്‍ മരുന്നുകളും യുവതികളിലെ ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്നു. ഈ മരുന്നുകള്‍ കഴിക്കും മുന്‍പ് രക്തസമ്മര്‍ദത്തിന്റെ തോത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം, അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗസാധ്യത ഉയര്‍ത്തുന്ന പരമ്പരാഗത ഘടകങ്ങളാണ്. പ്രമേഹരോഗികളില്‍ ഹൃദയാഘാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മുതല്‍ നാല് മടങ്ങ് അധികമാണ്. ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും തോതും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്‍ ഹൃദ്രോഗമുള്ളവരുണ്ടെങ്കില് പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. നിത്യവുമുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം, മദ്യപാനവും പുകവലിയും ഒഴിവാക്കല്‍ എന്നിവയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും.
യുവതികളില്‍ ഹൃദ്രോഗനിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ട്
