ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ പോഷകമാണ് ഇരുമ്പ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അയണിന്റെ കുറവ് വിളര്‍ച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ശരിയായ അളവില്‍ അയണ്‍ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ക്ഷീണം, തലവേദന, നെഞ്ച് വേദന,പാദങ്ങളും കൈകളും തണുത്തിരിക്കുക, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. പുരുഷന്മാര്‍ക്ക് പ്രതിദിനം കുറഞ്ഞത് 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്ത്രീകള്‍ക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. ഭക്ഷണ ക്രമത്തില്‍ ചീര, ബീറ്റ്റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉള്‍പ്പെടുത്തുക. ഈ നാല് ചേരുവകള്‍ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇവയില്‍ മഗ്നീഷ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇലക്കറികള്‍, പയര്‍, പരിപ്പ്, കടല, സോയാബീന്‍, മുട്ട തുടങ്ങിയവയില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകള്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കപ്പലണ്ടി, വാള്‍നട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കുന്നത് വിളര്‍ച്ചയകറ്റി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.