ആഗോള ഡിജിറ്റല്‍ രംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഇന്ത്യക്ക് വന്‍ കുതിച്ചുചാട്ടം. ഐ.സി.ആര്‍.ഐ.ഇ.ആര്‍-പ്രോസസ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് ഡിജിറ്റല്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകടനത്തില്‍ ലോകത്ത് നാലാം സ്ഥാനത്തും ‘സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ഡിജിറ്റല്‍ ഇക്കോണമി 2026’ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യ എത്തിയിരിക്കുന്നു. എ.ഐ പ്രകടനത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യു.കെ, കാനഡ എന്നിവയെ ഇന്ത്യ മറികടന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ.ഐ. ടാലന്റ് പൂള്‍ നിലവിലുള്ളത് ഇന്ത്യയിലാണ്. അമേരിക്ക, ചൈന, സിംഗപ്പൂര്‍ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുളളത്. സോഫ്റ്റ്വെയര്‍ കയറ്റുമതി, ഐ.ടി സേവനങ്ങള്‍, ക്ലൗഡ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ വ്യാപാരത്തില്‍ ഇന്ത്യ ഏകദേശം 328 ബില്യണ്‍ യു.എസ് ഡോളറിന്റെ വരുമാനം നേടിയിട്ടുണ്ട്.
