ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദില്ലിയിൽ നടത്തിയ ചർച്ചയിൽ ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപധാന ബന്ധമായി ഉയർത്താൻ ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പു വച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥൻറെ കാര്യവും ചർച്ചയായെന്നാണ് സൂചന. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് മടങ്ങും.
ഇന്ത്യ ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ
