പ്രമുഖ നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറന്‍ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഐസ്ക്രീം ശൃംഖലയായ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്. കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ബിരിയാണി ബൈ കിലോ എന്ന ബ്രാന്‍ഡിനെയും ദേവയാനി ഏറ്റെടുത്തിരുന്നു. 20 രാജ്യങ്ങളിലായി 7,700ഓളം സ്റ്റോറുകളുള്ള ഡി.ക്യൂ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.4 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആഗോളതലത്തില്‍ കമ്പനി നേടിയത്. 2030 എത്തുമ്പോള്‍ വാര്‍ഷിക വരുമാനം 10 ബില്യന്‍ ഡോളറിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഓരോ മിനിറ്റിലും 4,500 ബ്ലിസാര്‍ഡുകള്‍ വില്‍ക്കുകയാണ് ഡി.ക്യൂവിന്റെ ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐസ്ക്രീം വിപണി 45,000 കോടി രൂപയുടേതായി മാറുമെന്നാണ് ഇന്ത്യന്‍ ഐസ്ക്രീം മാനുഫാക്ചറിംഗ് അസോസിയേഷന് പറയുന്നത്.
ഐസ്ക്രീം ശൃംഖലയായ ഡി.ക്യൂ ഇന്ത്യയിലേക്ക്
