കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും ഹൈപ്പില്‍ നില്ക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘കൂലി’. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രം റിലീസാകാന്‍ ഇനിയും ഒരു മാസത്തിന് മുകളില്‍ സമയമിരിക്കെ കൂലിയുടെ ഓവര്‍സീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവര്‍സീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവര്‍സീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാര്‍ജുനയുടെ ബാനറായ അന്നപൂര്‍ണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന് എത്തുന്നു. ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററില്‍ എത്തുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന് ഷാഹിര്‍, ശ്രുതി ഹാസന്, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘കൂലി’യുടെ ഓവര്‍സീസ് വിതരണവാകാശം 81 കോടിക്ക്
