ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചല്‍’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ബാബുരാജ്, റോഷന്, കലാഭവന്‍ ഷാജോണ്‍, ചന്തു സലീംകുമാര്‍, രാധിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം ഈ ചിത്രം ഹണി റോസിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. യുവ കഥാകൃത്ത് രാഹുല്‍ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചല്‍ എന്ന പേരില്‍ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിഡ് ഷൈനും കൂടി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. പെന്‍ ആന്റ് പേപ്പര്‍, ബാദുഷ പ്രൊഡക്ഷന്‍സ് ബാനറുകളില്‍ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കിത് മേനോന് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സംസ്ഥാന പുരസ്കാര ജേതാവ് ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹകന്.