ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ തോല്പിച്ച് അര്‍ജന്റീന സെമി ഫൈനലിലേക്ക്. ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനെ തോല്പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിന്റെ രണ്ട് കിക്കുകള്‍ തടുത്താണ് എമിലിയാനോ മാര്‍ട്ടിനെസ് കളിയിലെ താരമായത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിലും ഗോളുകള്‍ നേടാനാവാതെയായതോടെയാണ്് കളി ഷൂട്ടൗട്ടിലെത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാനത്തെ മിനിറ്റില്‍ അര്‍ജന്റീന ജയം ഉറപ്പിച്ച നിമിഷത്തിലായിരുന്നു നെതര്‍ലണ്ട്സ് സമനില ഗോളടിച്ച് അര്‍ജന്റീനയേയും അര്‍ജന്റീന ആരാധകരേയും ഞെട്ടിച്ചത്. കളിയുടെ 35-ാം മിനിറ്റിലായിരുന്നു നെതര്‍ലണ്ട് പ്രതിരോധത്തെ തകര്‍ത്ത് മെസി നല്കിയ ലോകോത്തര പാസിലൂടെ നഹ്വല്‍ മൊളീന അര്‍ജന്റീനക്കു വേണ്ടി ആദ്യ ഗോളടിച്ചത്. 71-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി സെമി പ്രവേശനം ഉറപ്പിച്ചു. രണ്ട് ഗോളടിച്ചതോടെ ആഘോഷം പരകോടിയിലെത്തിയ അര്‍ജന്റീനയെ ഞെട്ടിച്ച് 83-ാം മിനിറ്റില്‍ വെര്‍ഗോസ്റ്റ് നെതര്ലണ്ടസിനായ് ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ അര്‍ജന്റീന സെമി പ്രവേശനം ഉറപ്പിച്ച സമയത്ത് ലഭിച്ച സമനില ഗോളിലൂടെ അര്‍ജന്റീനയെ വീണ്ടും വെര്‍ഗോസ്റ്റ് നടുക്കി കളഞ്ഞു. തുടര്‍ന്നാണ് എക്സ്ട്രാ ടൈമും എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച പ്രകടനത്തിലൂടെ ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിനെ മുട്ടു കുത്തിച്ച് അര്‍ജന്റീന സെമിയിലെത്തിയതും.
ഷൂട്ടൗട് കടമ്പയിൽ ഹോളണ്ട് വീണു , അർജന്റീന സെമിയിൽ
