പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ പിക്സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ആണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ പിക്സല്‍ 9 സീരീസില്‍ വാനില പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ്എല്‍, പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പിക്സല്‍ 9 നാല് വ്യത്യസ്ത നിറങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒബ്സിഡിയന്‍ (കറുപ്പ്), പോര്‍സലൈന്‍ (വെളുപ്പ്), കോസ്മോ (പിങ്ക് കലര്‍ന്ന നിറം), മോജിറ്റോ (ഇളം പച്ച). പിക്സല്‍ 9ന് 80,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 128 ജിബി വേരിയന്റിന് ആണ് ഈ വില വരിക. 256 ജിബി വേരിയന്റിന് വീണ്ടും വില ഉയര്‍ന്നേക്കും. 88,700 രൂപയാണ് കണക്കുകൂട്ടുന്നത്. പിക്സല്‍ 9 പ്രോവിന് വീണ്ടും വില ഉയരും. 128 ജിബി വേരിയന്റിന് 97,500, 256 ജിബിക്ക് 1,06,400, 512 ജിബി വേരിയന്റിന് 1,18,000 എന്നിങ്ങനെ വില വരാനാണ് സാധ്യത. കൂടുതല്‍ വലിപ്പമേറിയ സ്‌ക്രീനോടെ വരുന്ന പിക്സല്‍ 9 പ്രോ എക്സ്എല്ലിന് വിവിധ സ്റ്റോറേജ് വേരിയന്റ് അനുസരിച്ച് 1,06,400 രൂപ മുതല്‍ 1,50000 രൂപ വരെയാണ് വില വരിക. ഒരു ടിബി സ്റ്റോറേജ് മോഡലിന് ആണ് ഒന്നരലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നത്. പ്രീമിയം മോഡല്‍ ആയ പിക്സല്‍ 9 പ്രോ ഫോള്‍ഡ് മോഡലിന് 1,68,900 രൂപ മുതല്‍ 1,80,500 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.