സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 8,120 രൂപയും പവന് വില 440 രൂപ കൂടി 64,960 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന് വില 360 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 6,680 രൂപയിലാണ് വ്യാപാരം. വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 108 രൂപയില്‍ തുടരുന്നു. ഫെബ്രുവരിയില്‍ യു.എസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ അല്പം താഴ്ന്നെങ്കിലും വ്യാപാര യുദ്ധ ഭീതി നിലനില്‍ക്കുന്നതാണ് ഇന്ന് സ്വര്‍ണ വിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,945 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. അധികം താമസിയാതെ 3,000 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തലുകള്‍. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണവിലയില്‍ കയറ്റമൂണ്ടാകുകയും മാര്‍ച്ച് മാസത്തില്‍ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം വിലവര്‍ധനവ് തുടരുകയാണ്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു, പവന് 64,960 രൂപ!
