യു.എസ് -ഇന്ത്യ വ്യാപാരക്കരാറിനെ കുറിച്ചുള്ള ആശങ്കയില്‍ സ്വര്‍ണം മേലേക്ക്. കേരളത്തില്‍ ഇന്ന് ഗ്രാം വില 40 രൂപ ഉയര്‍ന്ന് 9,105 രൂപയും പവന് വില 320 രൂപ വര്‍ധിച്ച് 72,840 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണം മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് പവന് വിലയിലുണ്ടായത് 1,520 രൂപയുടെ വര്‍ധന. പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ പവന് വിലയില്‍ 3,240 രൂപയോളം കുറവ് വന്നിരുന്നു. ലൈറ്റ്വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 7,470 രൂപയിലാണ് വ്യാപാരം. ഇക്കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 116 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഔണ്‍സിന് 3,349 ഡോളറിലാണ് വ്യാപാരം.
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മുന്നേറ്റം
