സ്വര്‍ണ വിലയിലെ മുന്നേറ്റം കൂടുതല്‍ ശക്തമാകുമെന്ന നിരീക്ഷണം പങ്കുവെച്ച് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച്. ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണവില റെക്കോഡ് ഉയരങ്ങളിലെത്തുമെന്നാണ് പ്രവചനം. ഔണ്‍സിന് 6,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണ്ണവില കുതിച്ചുയരാം. കൂടാതെ, 2027 ഓടെ ഇത് 6,300 ഡോളര്‍ വരെയാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,210 ഡോളര്‍ നിലവാരത്തിലാണ്. ആറ് മാസത്തിനകം 1,790 ഡോളറിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കും. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വില ഉയരുന്നതിന് പ്രധാന കാരണമാണ്. ചൈനയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി മുന്‍ പാദത്തേക്കാള്‍ ഏകദേശം മൂന്നിരട്ടി വര്‍ദ്ധിച്ച് 317 ടണ്ണിലെത്തി.
