Untitled design 20250112 193040 0000 1

 

 

കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്നും വിമാനമാർഗ്ഗം എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ആണ് മരുന്ന് എത്തുന്നത്.

 

 

കോഴിക്കോട് നിപ ആശങ്കയിൽ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും, കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിൻ്റെ ആരോപണത്തിനും ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി. നിപ സമ്പർക്കപ്പടികയിൽ ഉൾപ്പെട്ട 76 പേരെ ഫോണിൽ വിളിച്ച് മാനസിക പിന്തുണ നൽകിയെന്നും ഇന്ന് കൺട്രോൾ റൂമിലേക്ക് വന്ന 30 ഫോൺ കോളുകൾക്ക് മറുപടി നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

 

നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. നാളെ ആരോഗ്യമന്ത്രി കോഴിക്കോടെത്തുമെന്നും പ്രതിരോധം പാളിയിട്ടില്ല, സാഹചര്യം നിയന്ത്രണ വിധേയമാണ്. പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ തുടക്കം എന്ന നിലയിൽ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

 

കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും, രാഷ്ട്രീയ താല്പര്യങ്ങൾക്കായി പി.എ മുഹമ്മദ് റിയാസിനെ മാറ്റി നിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന തൻ്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തിൽ ഉള്ളതായിരുന്നു. ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. ആ മുന്നറിയിപ്പ് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താൻ പറഞ്ഞതെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി.

 

മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആരുടെയും അറസ്റ്റ് എസ് ഐ ടി രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നൽകി വിട്ടയച്ചു.

 

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയതിനെതിരെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. നിപ, കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നുവെന്ന് ശൈലജ അഭിപ്രായപ്പെട്ടു.സർക്കാരിനെ പൂർണ്ണമായി കുറ്റപ്പെടുത്താൻ ഈ ഘട്ടത്തിൽ താൻ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

 

സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ വിസ്മയം ഒരുക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവനക്കാർ. പെൻഷൻ പ്രായം വർധിപ്പിക്കില്ലെങ്കിലും, ഒരു ഗഡു ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.

 

ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ എസ് ഷിബു നൽകിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദേശിച്ചു. പരാതി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് ഇതിനായി റദ്ദാക്കി.

 

മുൻ മന്ത്രി കെ ടി ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചു. ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ വെച്ച് പിണറായി വിജയനാണ് ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. 2006 മുതൽ പാർട്ടിയുടെ സഹയാത്രികനായിരുന്ന ജലീൽ, തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് അംഗത്വമെടുക്കാൻ താൽപര്യം അറിയിച്ചത്.

 

കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരനാണ് (69) മുഹമ്മ പൊലീസിന്‍റെ പിടിയിലായത്.2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചുപോയ സമയത്താണ് പ്രതി ഉള്ളിൽക്കടന്ന് മോഷണം നടത്തിയത്.

 

നാലു മാസമായി മുടങ്ങിയ വിനോദിനിയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുനഃസ്ഥാപിക്കാൻ തീരുമാനമായി. വനിതാ ശിശുക്ഷേമ വകുപ്പ് കുടിശിക ഉടൻ നൽകുമെന്ന് അറിയിച്ചു. ഇതിനിടെ, വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്യുകയും ചെയ്തു.

 

ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം പുറത്തുവിട്ടതിലടക്കം പ്രതിഷേധം വ്യക്തമാക്കി യോഗത്തിൽ പങ്കെടുത്ത സി പി എം പ്രതിനിധി ജോൺ ബ്രിട്ടാസ് എം പി. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകളിൽ നിന്ന് കേവലം ഒൻപത് മിനിറ്റ് മാത്രമാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും ബാക്കി 95 ശതമാനം ചർച്ചകളും മറച്ചുവെച്ചുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്, മോദിയെ ആലിംഗനം ചെയ്തത് ഓർമ്മിപ്പിച്ച് അദ്ദേഹം മറുപടി നൽകി

 

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ആലപ്പുഴ മാരാരിക്കുളം സ്വദേശി 52 വയസ്സുള്ള ശാന്തകുമാറിനെയാണ് കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു.വിവാദങ്ങൾക്ക് പിന്നാലെ, യദു ആര്യാ രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകുകയും കെഎസ്ആർടിസി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.

 

തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലും പിളർപ്പിന് സാധ്യത. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരെ ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് എത്തിക്കാനും, തൃണമൂൽ വിമതരെ ഒപ്പം നിർത്താനും ബിജെപി ശ്രമിക്കുന്നു. ഇതോടെ ലോക്സഭയിൽ എംപിമാരുടെ എണ്ണം 320 ആക്കി ഉയർത്തി നിർണായക ബില്ലുകൾ പാസാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

 

ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി അധികൃതർ രംഗത്ത്. സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം. ഫ്രീഡം പാർക്കിൽ നാളെ വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

 

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യാ വ്യതിയാനത്തിനുള്ള കാരണങ്ങൾ  വിലയിരുത്തുന്നതിനായി അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും  പാനൽ അംഗങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നാണ് നിർദേശം.

 

പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക് നീങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

 

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുന്നത്.

 

യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച വെനിസ്വേലന്‍ ക്രിമിനല്‍ സംഘത്തിന്റെ തലവനെ അമേരിക്കന്‍ സൈന്യം വധിച്ചു. വെനിസ്വേലന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ താമസിച്ച വീടിനു നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു.

 

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ഉപരോധങ്ങൾ പിൻവലിക്കുന്നതിനും ധാരണയായിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ ഈ കരാറിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂലൈ 9 ന് നടക്കും. കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്കാരത്തിന് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ വിലാപയാത്രയും സംഘടിപ്പിക്കും.

 

മഴമൂലം 25 ഓവറാക്കി ചുരുക്കിയ ഇന്ത്യ – അഫ്ഗാനിസ്താൻ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ 195 റൺസ് വിജയലക്ഷ്യം വെച്ച് സന്ദർശകർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 24.5 ഓവറിൽ 194 റൺസിന് പുറത്തായി.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *