സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസം 19ന് കുറിച്ച ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ പവന്‍വിലയിലുണ്ടായ കുതിപ്പ് 3,920 രൂപയാണ്. ഗ്രാമിന് ഇക്കാലയളവില്‍ 490 രൂപയും ഉയര്‍ന്നു. ഇന്ന് ഒരു പവന് ആഭരണം വാങ്ങാന്‍ 53,525 രൂപയെങ്കിലും കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്. അതായത് 49,440 രൂപയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്തുള്ള തുകയാണ്. ഫലത്തില്‍ 4,100 രൂപയെങ്കിലും അധികമായി കൊടുത്താലേ ഒരു പവന് ആഭരണമെങ്കിലും വാങ്ങാനാകൂ. ഇന്നലെ ഔണ്‍സിന് 2,150 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് 2,219 ഡോളര്‍ വരെ മുന്നേറി. ഇപ്പോള്‍ വിലയുള്ളത് 2,203 ഡോളറില്‍. രാജ്യാന്തരവില വര്‍ദ്ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.
സ്വര്‍ണവില 50,000ലേക്ക്, പവന് 49,440 രൂപ!
