ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 90,000 പിന്നിട്ടു. ഇന്നത്തെ വില 90,320 രൂപയാണ്. ഇന്നലത്തേക്കാള്‍ പവന് കൂടിയത് 840 രൂപയാണ് കൂടിയത്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 105 രൂപയാണ്. ഗ്രാം വില 11,290 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ വര്‍ധിച്ച് 9,290 ആയി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് 163 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളര്‍ കടന്നതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. 2008ല്‍ 1,000 ഡോളറും, 2011ല്‍ 2,000 ഡോളറും എത്തിയ വില 2021ല്‍ 3,000 ഡോളര്‍ പിന്നിട്ടിരുന്നു. വെറും മൂന്നു വര്‍ഷം കൊണ്ട് 1,000 ഡോളറാണ് കൂടിയത്. കേരളത്തിലെ ജനങ്ങളുടെ കൈവശം 2,000 ടണ്ണിലധികം സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,621 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.
