ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ആക്രമണത്തെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. 1968 ലാണ് ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്.ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്.
