മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം മൂലം പാദങ്ങളില്‍ ഫംഗല്‍ അണുബാധ സാധാരണമാണ്. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ കാണുന്ന അസുഖമാണ് ഫംഗല്‍ അണുബാധ. നമ്മുടെ പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങള്‍. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗല്‍ അണുബാധ കണ്ടുവരുന്നത്. കാലുകള്‍ കഴുകിയതിനു ശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്. ചെരിപ്പുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. നഖങ്ങള്‍ കൃത്യമായി വെട്ടി സൂക്ഷിക്കുക. എക്‌സിമ ഉള്ളവര്‍ മഴക്കാലത്ത് കുളിക്കാന്‍ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക. ശക്തയായി ചര്‍മം ഉരച്ചു കഴുകുന്നത് ഒഴിവാക്കുക. കാരം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ ഉടന്‍ മോയ്‌സ്ചറൈസിങ് ക്രീം പുരട്ടാം. വിരലുകള്‍ക്കിടയിലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രമേഹരോഗികളിലും കുട്ടികളിലും ബാക്ടീരിയ മൂലമുള്ള അണുബാധ കൂടുതലായി കാണാറുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങള്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ബാക്ടീരിയ അണുബാധ ഉള്ളവര്‍ ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക. കാലുകളില്‍ ചെറിയ മുറിവുണ്ടങ്കില്‍ അത് ഉണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മഴക്കാലത്തുണ്ടാകുന്ന പാദങ്ങളിലെ ഫംഗല്‍ അണുബാധ
