പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 23 ശതമാനം വര്‍ധിച്ച് 2,32,871 കോടി രൂപയായി. മൊത്തം വിതരണം ചെയ്ത വായ്പ 20 ശതമാനം വര്‍ധിച്ച് 1,95,973 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൗണ്ട് ഡിപ്പോസിറ്റുകള്‍ 5 ശതമാനം വര്‍ധിച്ച് 68,873 കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 22 ശതമാനവും മൊത്ത വായ്പകള്‍ 17 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. നാല് ലക്ഷം കോടി രൂപ പിന്നിട്ട് ബിസിനസ് 2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായവും ഓഹരിയില്‍ നിന്നുള്ള ആദായവും റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. അറ്റാദായം 66.98 ശതമാനം വര്‍ധിച്ച് 902.61 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 42 ശതമാനം ഉയര്‍ന്ന് 854 കോടി രൂപയാണ്. ആകെ ബിസിനസ് നാല് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന, കേരളം ആസ്ഥാനമായ ആദ്യ ബാങ്ക് എന്ന നേട്ടവും കഴിഞ്ഞ പാദത്തില്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി. 21.17 ശതമാനം വളര്‍ച്ചയോടെ 4.05 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ പാദമനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ്.
ഫെഡറല്‍ ബാങ്കിന് സെപ്റ്റംബര്‍ പാദത്തില്‍ മികച്ച വളര്‍ച്ച
