റാം – നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. ചിത്രമിപ്പോള്‍ റൊമാനിയയിലെ ട്രാന്‍സില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുന്‍പ് മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഇരു മേളകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണയം വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. പേരന്പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ചിത്രത്തിന്റെ പോസ്റ്ററുകളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സൂരി, അഞ്ജലി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളി നായകനായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
‘ഏഴ് കടല്‍ ഏഴ് മലൈ’ ചിത്രം ഫിലിം ഫെസ്റ്റിവലിലേക്ക്
