കമ്പ്യൂട്ടര് സ്ക്രീന് ഉപയോഗിക്കുന്നവരില് കണ്ണുകള് ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. ഡ്രൈ ഐയുമായി ബന്ധപ്പെട്ട് തലവേദന, കാഴ്ച തകരാറുകള്, കണ്ണില് നിന്ന് വെള്ളം വരിക, കാഴ്ച മങ്ങല് തുടങ്ങിയ ലക്ഷണങ്ങള് ഉണ്ടാകാം. ഡ്രൈ ഐ ലക്ഷണങ്ങള് ഒഴിവാക്കാന് കണ്ണുകള്ക്ക് വ്യായാമം പ്രധാനമാണ്. കൃഷ്ണമണികള് ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികള് മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം. പേന കൈ അകലത്തില് നീട്ടിപ്പിടിച്ച് അതിന്റെ മുകള് ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും ചലപ്പിച്ചു കൊണ്ടു മേല്പറഞ്ഞ വ്യായാമം ചെയ്യാം. 10 പ്രാവശ്യം ചെയ്യണം. അകലെയുള്ള ഒരു വസ്തുവിനെ നോക്കുക. തുടര്ന്നു മൂക്കിന്റെ അഗ്രഭാഗത്തു നോക്കുക. ഇതു 10 പ്രാവശ്യം ആവര്ത്തിക്കാം. കസേരയില് ഇരിക്കുക. ആയാസപ്പെടാതെ, കണ്ണിനു നേരെ കൈ കൊണ്ടുവരാന് പാകത്തിനു കസേര കയ്യില് കുഷ്യന് വയ്ക്കുക. രണ്ടു കൈ കൊണ്ടും കണ്ണ് മൂടിപ്പിടിക്കുക. അമര്ത്തരുത്. കട്ടപിടിച്ച ഇരുട്ടു സങ്കല്പിച്ചു കൊണ്ടു സാവകാശം ശ്വാസോച്ഛ്വാസം ചെയ്യുക. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക. ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിട്ട് ഇങ്ങനെ ചെയ്യുന്നതു കണ്ണിലെ പേശികളുടെ വഴക്കം കൂട്ടും. കണ്ണിനു വരള്ച്ച അനുഭവപ്പെടുന്നവര് ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മുക. സ്ക്രീന് തുടര്ച്ചയായി ഉപയോഗിക്കുന്നവര് കണ്ണില് നിന്നും 20 ഇഞ്ച് അകലത്തില് സ്ക്രീന് വയ്ക്കുക. സ്ക്രീനില് നോക്കുമ്പോള് 20 മിനിറ്റ് ഇടവേളയില് 20 20 അടി അകലെയുള്ള വസ്തുവിലേയ്ക്കു 20 സെക്കന്റ് നോക്കുക. ഇത് കണ്ണിന് മികച്ചൊരു വ്യായാമമാണ്.
ഡ്രൈ ഐ ലക്ഷണങ്ങള് ഒഴിവാക്കാന് വ്യായാമം ചെയ്യാം
