1948 മുതലുള്ള ഓര്മ്മക്കുറിപ്പുകള് രേഖപ്പെടുത്തിയ സേവ്യറച്ചന്റെ ഡയറിയാണ് പുലിതാനന്ദകരിയുടെ യഥാര്ത്ഥ കഥ. കരച്ചില് പെരുക്കുന്ന ഹൃദയം പോലെ ഞരമ്പുകളെ വലിച്ചു മുറുക്കുന്ന കഥയാണത്. മറ്റു മൃഗങ്ങളോടെന്നതുപോലെ മനുഷ്യരോടും മല്ലിട്ടു ജീവിക്കാന് വിധിക്കപ്പെട്ടവരുടെ നേരനുഭവങ്ങളാണ് അവ. മകളുടെ കുഞ്ഞിന്റെ ജഡവും പേറി മല കയറുന്ന റാഹേലിന്റെ നെഞ്ചിനുള്ളിലെ ഭാരമാണ്, വായനക്കാരുടെ ഹൃദയങ്ങളിലേക്കു പുലിതാനന്ദകരി പകരുന്നത്. പക്ഷേ, അതു രണ്ടു സ്ത്രീകളുടെയോ മനുഷ്യരുടെയോ കഥ മാത്രമല്ല താനും തേവാങ്കും പുലിയും കുറുക്കനും കതിരു പൊട്ടി പാലിറങ്ങുമ്പോഴേ ചപ്പിത്തിന്നാന് ഇറങ്ങുന്ന പന്നിയും കലി കയറിയാല് മരം കുത്തിയിടുന്ന ആനയും ചക്കപ്പഴം കൊണ്ട് ആകര്ഷിച്ചു പള്ളയില് പടക്കം പൊട്ടിച്ച് വിടുന്ന കര്ഷകനും ഒക്കെച്ചേര്ന്ന വലിയൊരു ആവാസ വ്യവസ്ഥയാണ് പുലിതാനന്ദകരിയുടെ ലോകം. ‘പുലിതാനന്ദകരി’. സി വി ജോയി. കറന്റ് ബുക്സ് തൃശൂര്. വില 332 രൂപ.
