Untitled design 20241227 174736 0000

 

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്….!!

1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്.ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി.

 

മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛ്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

 

1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു.1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു.

 

അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്.1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1980-1982 കാലത്ത് മൻമോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു.

 

1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിങ് നിയമിതനായി.ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മൻമോഹൻ സിങ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം.ജനീവയിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

 

മൻമോഹൻ സിങ് 1958 ലാണ് വിവാഹിതനാവുന്നത്. ഗുർശരൺ കൗർ ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്.ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു.

ഒന്നിലധികം കാർഡിയാക് ബൈപാസ് സർജറികൾക്ക് വിധേയനായിരുന്ന സിംഗിന്റെ അവസാന സർജറി 2009 ജനുവരിയിൽ നടന്നു.2020 മെയ് മാസത്തിൽ, മരുന്നിന്റെ പ്രതികൂല പ്രതികരണത്തെത്തുടർന്ന് അദ്ദേഹത്തം ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2021 ഒക്ടോബറിൽ, ശക്തിക്ഷയവും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് സിംഗിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഹൃദ്രോഗവും വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളുമായി 2024 ഡിസംബർ 26-ന് സിംഗിനെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.നേരത്തെ ന്യൂഡൽഹിയിലെ വീട്ടിൽ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. 92-ാം വയസ്സിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം സിംഗ് മരിച്ചു.

 

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗിനെ “ഇന്ത്യയിലെ ഏറ്റവും വിശിഷ്ട നേതാക്കളിൽ ഒരാളായി” വിശേഷിപ്പിക്കുകയം ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ എന്നിവർ സിങ്ങിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും പ്രശംസിച്ച് വിവിധ പ്രസ്താവനകൾ പുറപ്പെടുവിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *