ചില മത്സ്യങ്ങള് അല്ലെങ്കില് ബീഫ് കഴിച്ച അടുത്ത ദിവസം കൈ വിരലുകളില് വീക്കം അല്ലെങ്കില് സന്ധികളില് വേദന തോന്നുന്നത് രക്തത്തില് യൂറിക് ആസിഡ് ഉയര്ന്ന അളവിലുണ്ടെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ശരീരത്തില് യാതൊരു തരത്തിലും ആവശ്യമില്ലാത്ത വസ്തുവാണ് യൂറിക് ആസിഡ്. ദഹനത്തിനിടെ ഹീമോഗ്ലോബിന് മെറ്റബോളിസം, പ്യൂരിന് മെറ്റബോളിസം തുടങ്ങിയ പ്രക്രിയകള്ക്കൊടുവില് ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് രക്തത്തില് നേരിട്ട് ലയിക്കില്ല. യൂറിക് ആസിഡിന്റെ അളവു നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങള് ഡയറ്റില് നിന്ന് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ചുവന്ന മാംസം അഥവാ റെഡ് മീറ്റില് ധാരാളം പ്യൂരിനുകള് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വര്ധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് സന്ധിവാതത്തിനുള്ള സാധ്യതയും സന്ധി വീക്കം വര്ധിപ്പിക്കുകയും ചെയ്യുന്നു. കൊഞ്ച്, മത്തി, കക്കയിറച്ചി പോലുള്ള കടല് വിഭവങ്ങള് യൂറിക് ആസിഡിന്റെ അളവില് വര്ധനവുണ്ടാക്കാം. പകരം, സാല്മണ് പോലുള്ള കുറഞ്ഞ അളവില് പ്യൂരിന് അടങ്ങിയ മത്സ്യങ്ങള് സുരക്ഷിതമാണ്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്, വറുത്ത ഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡ് എന്നിവ സന്ധികളില് വീക്കം വര്ധിപ്പിക്കുകയും മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സന്ധിവാത രോഗികള് ബിയര് പൂര്ണമായും ഒഴിവാക്കുകയാണ് നല്ലത്. ആരോഗ്യഗുണങ്ങള് ഉണ്ടെങ്കിലും വലിയ അളവില് പയറുകള് കഴിക്കുന്നത് സെന്സിറ്റീവ് ആയ വ്യക്തികളില് യൂറിക് ആസിഡ് അളവു വഷളാകാന് കാരണമാകാം. പഞ്ചസാര പാനീയങ്ങളില് ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് ഉത്പാദനം നേരിട്ട് വര്ധിപ്പിക്കുന്നു. ഇന്റര്നാഷണല് ജേണല് ഓഫ് മോളിക്യുലാര് സയന്സസില് പ്രസിദ്ധീകരിച്ച ഒരു പഠനം ഹൈപ്പര്യൂറിസെമിയയ്ക്ക് പ്രധാന കാരണമായി പഞ്ചസാര പാനീയങ്ങളെ എടുത്തുകാണിക്കുന്നു. കൊഴുപ്പ് കൂടിയ പാല്, ക്രീം, ചീസ് എന്നിവ വീക്കം വര്ധിപ്പിക്കും, അതിനാല് ഇവ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ബീഫ് കഴിച്ചാല് കൈ വിരലുകളില് വീക്കം വരാറുണ്ടോ?
