ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് അതത് പാർട്ടിനേതൃത്വങ്ങളാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അതോടൊപ്പം ഉമർ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. സമൂഹത്തിൽ ഇടപെടാനുള്ള ഇടം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ലീഗ് വനിതകൾക്ക് സീറ്റുകൾ നൽകിയതെന്നും അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. ലീഗ് മത സംഘടന അല്ലെന്ന് പറഞ്ഞ അദ്ദേഹം, വഖഫ് ബോർഡിലേക്ക് സ്ത്രീകൾ വരുന്നതിൽ എതിപ്പില്ലാത്ത ആൾ തെരഞ്ഞെടുപ്പ് സമയത്ത് ലീഗിനെതിരെ പറഞ്ഞതിൽ ദുരുദ്ദേശമുണ്ടെന്നും വിമര്‍ശിച്ചു.
ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസം
