ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്കാന് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്കുന്ന വായ്പാ സേവനങ്ങള്‍ ഇനി യു.പി.ഐ ആപ്പുകള്‍ വഴി ലഭിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്കാന് കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു അനുമതി. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി ലഭിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വായ്പാ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് റിസര്‍ബ് ബാങ്ക് നടപ്പിലാക്കിയ പ്രീ അപ്രൂവ്ഡ് വായ്പാ സേവനമാണ് ക്രെഡിറ്റ് ലൈന്‍. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിശ്ചിത തുകയ്ക്കുള്ള തത്സമയ വായ്പ ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച് തരും. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അതിവേഗത്തില്‍ വായ്പ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ബാങ്കുകള്‍ നല്കുന്ന ക്രെഡിറ്റ് ലൈനുമായി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യു.പി.ഐ ആപ്പുകളെ ബന്ധിപ്പിക്കുന്നതോടെ ഇത്തരം ആപ്പുകള്‍ ക്രെഡിറ്റ് കാര്‍ഡുകളെ പോലെയാകും. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.
ക്രെഡിറ്റ് ലൈന്‍ ഇനി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും
