കോവിഡ് വാക്സിന്‍ കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് പുതിയ പഠനം. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷക റിപ്പോര്‍ട്ടില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിനുകള്‍ ചില കാന്‍സര്‍ രോഗികളില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ട്യൂമറിനെ ചെറുക്കുകയും ചെയ്തതായി കണ്ടെത്തി. ചില ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ കഴിക്കുന്ന ശ്വാസകോശ അര്‍ബുദമോ ത്വക്ക് അര്‍ബുദമോ ബാധിച്ച ആളുകള്‍ ചികിത്സ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിന്‍ സ്വീകരിക്കുന്നത് രോഗികളില്‍ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്തുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം കാന്‍സര്‍ കോശങ്ങളെ ഒരു ഭീഷണിയായി മാറുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കുന്നു. എംഡി ആന്‍ഡേഴ്സണില്‍ കാന്‍സര്‍ സെന്ററില്‍ ചെക്ക്പോയിന്റ് ഇന്‍ഹിബിറ്റര്‍ ചികിത്സയ്ക്ക് വിധേയരായ ഏകദേശം 1,000 കാന്‍സര്‍ രോഗികളുടെ രേഖകള്‍ സംഘം വിശകലനം ചെയ്യുകയും അതില്‍ ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിന്‍ സ്വീകരിച്ചവരെ താരതമ്യം ചെയ്യുകയും ചെയ്തു. വാക്‌സിനേഷന്‍ എടുത്ത ശ്വാസകോശ അര്‍ബുദ രോഗികള്‍, കാന്‍സര്‍ ചികിത്സ ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം വാക്‌സിനേഷന്‍ എടുക്കാത്ത രോഗികളേക്കാള്‍ ഇരട്ടി കാലം ജീവിച്ചിരുക്കുന്നതിന് സാധ്യതയുള്ളതായി കണ്ടെത്തി. മെലനോമ രോഗികളില്‍, വാക്‌സിനേഷന്‍ എടുത്ത രോഗികളുടെ ശരാശരി അതിജീവനം ഗണ്യമായി കൂടുതലായിരുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
