മദ്ധ്യാഹ്ന വാർത്തകൾ 20261005 125132 0000

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്‍യുവിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധം. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

 

മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി‍ഡി സതീശൻ. ലൈഫ് പദ്ധതി തുടരും. ബജറ്റിൽ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

 

സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിന്‍റെ ഭാഗമാണെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് പ്രതികരിച്ചു.

 

പരീക്ഷാക്രമക്കേടിൽ പിഎസ്‍സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്‍സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാരും വാദിച്ചു.

 

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എൻ സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടേത് ഉൾപ്പെടെ പരാതികൾ മാധ്യമ വാർത്തകൾ മാത്രമാണെന്നും പാലക്കാട്‌ വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.

 

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ദില്ലിയിലെത്തിയ അടൂർ പ്രകാശ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നു. ഇതുവരെ അടൂർ പ്രകാശിന് സമയം അനുവദിച്ചതായി സൂചനയില്ല.

 

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയത് ലൈംഗീകാരോപണ പരാതിയെ തുടർന്നാണെന്നാണ് ഉയരുന്ന വാദം. എന്നാൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന.

 

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്.

 

പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി. ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫ് യോഗം ചേരാത്തതിലും പാർട്ടിക്ക് അതൃപ്തി.

 

കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി.

 

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം.

 

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോർട്ടാണ് സമർപ്പിച്ചത്.

 

പത്തനാപുരം കടശ്ശേരി ഉമ്മന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലിറപ്പ് തൊഴിലാളി കടശ്ശേരി സ്വദേശി രാജമ്മയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എൺപത് വയസായിരുന്നു.

 

തിരുവനന്തപുരം നഗരസഭയിൽ കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിൽ ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണം ശക്തമാക്കി സിപിഎമ്മും കോണ്‍ഗ്രസും. സംഭവത്തിൽ കൻ്റോണ്‍മെൻ്റ് എസിപി അന്വേഷണം നടത്തും.

 

മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. രാജീവ്‌ പി ആർ രാജീവ്‌ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങളും വ്യാജ പോസ്റ്ററുകളും പ്രചരിപ്പിച്ചത്.

 

ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ’ ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.

 

രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്‍സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക.

 

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻ കുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണം. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല.സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു.

 

വന്യമൃഗ ശല്യം സാധാരണക്കാർക്ക് വലിയ ശാപമായി മാറിയെന്ന് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ പ്രശ്നങ്ങൾ മനുഷ്യനിർമ്മിതമാണെന്നും ആനത്താരകളിൽ വൻകിട റിസോർട്ടുകൾ വന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ അറസ്റ്റിലായ താനൂർ സ്വദേശി ഷാഫിലിന്‍റെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ. 1.18 ലക്ഷം രൂപയാണ് മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയിൽ നിന്ന് ഇയാൾ തട്ടിയത്.

 

കളമശ്ശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചായിരുന്നി പീഡനം. സെപ്റ്റംബർ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാൽസംഗം നടന്നത്. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേരെ കൂടി ഇനിയും പിടികൂടാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

 

തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണർ താക്കീത് നൽകി. പൊലീസിൽ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്ന് കമ്മീഷണർ പറഞ്ഞു. താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചു.

 

ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ സ്ഫോടനമുണ്ടായ മരുന്ന് നിർമാണ ശാലയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ടാബ്‌ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡ് വ്യക്തമാക്കി. ടിഐഎൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്.

 

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന്‍റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് പ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ് ആണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശനം ഉറപ്പാക്കിയത്.

 

ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം. ​എന്നാൽ, സ്മിത്ത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. ഏറെക്കാലമായുള്ള പദ്ധതിയെന്നും ഫ്ലൈ ദുബായിൽ ജോലി നേടിയത് തന്നെ ഈ ലക്ഷ്യവുമായിട്ടാണെന്നും ഹമാം പറഞ്ഞു .

 

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചു. അമ്പെയ്ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുങ്കും മൊഹോദാണ് മികച്ച വനിതാ താരം. ഗുസ്തിയിൽ സ്വർണ്ണം നേടിയ സുജീത്താണ് മികച്ച പുരുഷ താരം.

 

കാനഡ സൂപ്പര്‍60 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പന്തുമായി ഫാസ്റ്റ് ബൗളര്‍ അലി ഖാന്‍. അദ്ദേഹം എറിഞ്ഞ അതിശയിപ്പിക്കുന്ന ഒരു ഷോര്‍ട്ട് പിച്ച് പന്താണ് ആരാധകരെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ചത്. ടൊറന്റോ സിക്‌സേഴ്‌സും മിസിസാഗ മാസ്റ്റേഴ്‌സും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങള്‍.

 

കൊൽക്കത്തയിൽ നാളെ നടക്കുന്ന ഇന്ത്യ-ഉറൂഗ്വേ സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. ഐ എസ് എൽ സീസണിന് മുന്നോടിയായി അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ള കൂടുതൽ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.

 

 

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ലിയോണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം നാളെ നടക്കും. ബെനിനെതിരെ നടക്കുന്ന മത്സരത്തിൽ സ്വർണ്ണ നിറത്തിൽ പേരെഴുതിയ പ്രത്യേക ജേഴ്സിയണിഞ്ഞാകും മെസ്സി കളത്തിലിറങ്ങുക.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *