പ്രമുഖ ആഗോള പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള തങ്ങളുടെ ഇന്ത്യന്‍ ബോട്ട്ലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,500 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ ശക്തമായ നിക്ഷേപക ഡിമാന്‍ഡ് പ്രയോജനപ്പെടുത്താനാണ് ഈ പുതിയ നീക്കം. ഇന്ത്യന്‍ ബോട്ട്ലിംഗ് ബിസിനസിന് ഏകദേശം 10 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കൊക്കകോള പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ലണ്ടനില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളുടെ യോഗം നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് ബോട്ട്ലിംഗ് കമ്പനികളിലൊന്നാണ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 14 നിര്‍മ്മാണ പ്ലാന്റുകള്‍ ഇവര്‍ക്കുണ്ട്.
9,500 കോടിയുടെ മെഗാ ഐപിഒയ്ക്കൊരുങ്ങി കൊക്കകോള
