ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് കനത്ത തിരിച്ചടി. 2026ലെ ജൂണ്‍ പാദത്തില്‍ ചൈനീസ് കമ്പനികളുടെ സംയുക്ത വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്മെന്റുകള്‍ ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജൂണ്‍ പാദ ഇടിവാണിത്. ഏറ്റവും കൂടുതല്‍ ആഘാതം നേരിട്ടത് 15,000 രൂപയില്‍ താഴെയുള്ള ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗമാണ്. ഈ വിഭാഗത്തിലെ ഷിപ്മെന്റുകള്‍ ഒരു വര്‍ഷത്തിനിടെ 45 ശതമാനം വരെ ഇടിഞ്ഞു. വിവോ, ഓപ്പോ, ഷവോമി, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം നഷ്ടമായി. നത്തിംഗ് വാര്‍ഷിക അടിസ്ഥാനത്തില്‍ 105 ശതമാനം വളര്‍ച്ച നേടി. 45,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തില്‍ ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ കമ്പനിക്ക് 68 ശതമാനം വളര്‍ച്ച നേടിക്കൊടുത്തു.
